കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ ലഗേജ് ബുക്കിങ്ങിൽ ക്രമക്കേടുനടത്തിയ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കൊമേഴ്‌സ്യൽ വിഭാഗത്തിലെ രണ്ട് റെയിൽവേ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ചീഫ് കൊമേഴ്‌സ്യൽ ക്ലാർക്കുമാരായ കെ.എം. ശ്രീജിത്ത്, ഷിജു ജോൺ എന്നിവരെ കഴിഞ്ഞ ദിവസമാണ് സർവീസിൽനിന്ന് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിട്ടത്.
പാഴ്‌സൽ അയക്കുന്നതിനുപകരം ട്രെയിൻയാത്രക്കാർക്ക് സാധനങ്ങൾ കൊണ്ടുപോകാനുള്ള സംവിധാനമാണ് ലഗേജ് ബുക്കിങ്. ടിക്കറ്റ് എടുത്തശേഷമേ ലഗേജ് ബുക്ക് ചെയ്യാൻ പറ്റൂ. ബുക്കിങ് കഴിഞ്ഞാൽ ടിക്കറ്റിൽ എൽ ബി(ലഗേജ് ബുക്ക്ഡ്) എന്ന് അടയാളപ്പെടുത്തി തിരികെ കൊടുക്കണം. അങ്ങനെ അടയാളപ്പെടുത്തിയാൽ ടിക്കറ്റ് റദ്ദുചെയ്യാൻ കഴിയില്ല. പലരും യാത്രചെയ്യാതെ ലഗേജ് അയക്കാൻമാത്രമായി ഈ സംവിധാനം ഉപയോഗിക്കുന്നതുകൊണ്ട് ടിക്കറ്റ് ഈ ഉദ്യോഗസ്ഥർ വാങ്ങിവെക്കും. ബുക്ക്ചെയ്ത രസീതിമാത്രം തിരികെക്കൊടുക്കും. എൽബി എന്ന് അടയാളപ്പെടുത്താത്ത ടിക്കറ്റ് പരിചയക്കാരായ മറ്റാരെയെങ്കിലുംകൊണ്ട് റദ്ദുചെയ്യിക്കുകയാണ് ചെയ്യുന്നത്.
ലഗേജ് ബുക്ക്ചെയ്യുന്നവരുടെ ട്രെയിൻ ടിക്കറ്റുകൾ വാങ്ങിവെച്ചശേഷം അത് മറ്റുള്ളവർക്ക് കൈമാറി കാൻസൽ ചെയ്യിച്ച് ആ പണം ഇവർ തട്ടിയെടുക്കുകയാണ് ചെയ്തിരുന്നത്. തുടർച്ചയായ ആറുമാസത്തോളം ഇവർ ക്രമക്കേട് തുടർന്നെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തി. അത് പ്രകാരം കഴിഞ്ഞവർഷം സപ്തംബറിൽ ഇവർക്ക് ചാർജ് മെമ്മോ കൊടുത്തിരുന്നു.

