വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു; കൊല്ലത്തേക്ക് കൊണ്ടുപോകുക മെഡിക്കൽ കോളജിലെ റീ പോസ്റ്റുമോർട്ടത്തിന് ശേഷം

0

ദുബായ്: ഷാർജയിൽ മരിച്ച കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ഇന്നലെ വൈകിട്ട് 5.40ന് ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ റീ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മാത്രമേ കൊല്ലത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുകയുള്ളു.

ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്. വിപഞ്ചികയുടെ മരണത്തിൽ ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉൾപ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്കരിച്ചത്. ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. രണ്ട് കുടുംബങ്ങളും സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാരമാണ് നടന്നത്.

തനിക്ക് യാത്രാ വിലക്കുള്ളതിനാൽ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്കരിക്കണമെന്നത് വിപഞ്ചികയുടെ ഭർത്താവ് നിതീഷിൻറെ ആവശ്യമായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനും തീരുമാനമായത്. കുഞ്ഞിൻറെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന ഭർത്താവിൻറെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. തർക്കത്തിൽ പെട്ട് സംസ്കാരം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു തീരുമാനം. വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരൻ വിനോദ് എന്നിവർ മൃതദേഹത്തെ അനുഗമിച്ചിരുന്നു.

ഈ മാസം എട്ടാം തീയതിയാണ് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ അൽ നഹ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഒരു സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്.
ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനാണ് വിപഞ്ചികയുടെ ഭർത്താവ്. യുവതിയുടെ മരണത്തിൽ ഇയാളെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here