കൊല്ലം: കരുനാഗപ്പള്ളിയില്‍ 220 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം ജില്ലയില്‍ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മയക്കുമരുന്ന് വേട്ടയാണിതെന്ന് എക്‌സൈസ് അറിയിച്ചു. കരുനാഗപ്പള്ളി തൊടിയൂര്‍ ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 227 ഗ്രാം എംഡിഎംഎയുമായി പുലിയൂര്‍ വഞ്ചി കിഴക്ക് ദേശത്ത് മഠത്തില്‍ വടക്കത്തില്‍ വീട്ടില്‍ അനന്തു (27) പിടിയിലായത്. പ്രതി മുന്‍പും സമാനമായ രീതിയില്‍ എംഡിഎംഎയുമായി പിടിയിലായിട്ടുള്ള ആളാണ്.
ബെംഗളൂരുവില്‍നിന്നും വന്‍തോതില്‍ എംഡി എംഎ ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തുന്ന മൊത്തവിതരണക്കാരനാണ് അറസ്റ്റിലായ അനന്തു. ഇയാളുടെ ഇടനിലക്കാരെയും ഉപഭോക്താക്കളെയും പറ്റി വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. പിടിയിലായ മയക്കുമരുന്ന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും.
എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് സിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, ഐ ബി പ്രി വന്റ്‌റീവ് ഓഫീസര്‍ മനു സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത്, അനീഷ് ജൂലിയന്‍ ക്രൂസ്,ബാലു സുന്ദര്‍,സൂരജ് എന്നിവര്‍ പങ്കെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

