പത്തനംതിട്ട: പത്തനംതിട്ടയിലെ കൊടുന്തറ സുബ്രഹ്മണ്യൻ സ്വാമി ക്ഷേത്ര വളപ്പിൽ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ശാഖാ പ്രവർത്തനം നടന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ രംഗത്ത്. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ നേതൃത്വമാണ് ഈ വിവരം പോലീസിനെ അറിയിച്ചത്.
വിവരമറിഞ്ഞതിനെത്തുടർന്ന് പത്തനംതിട്ട പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ക്ഷേത്രത്തിന് സമീപം പോലീസ് സംഘത്തെ വിന്യസിക്കുകയും ചെയ്തു. നിലവിൽ ഇരുവിഭാഗങ്ങളുമായും സംസാരിച്ചെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആറന്മുള ഗ്രൂപ്പിന് കീഴിലാണ് കൊടുന്തറ സുബ്രഹ്മണ്യൻ സ്വാമി ക്ഷേത്രം പ്രവർത്തിക്കുന്നത്.
ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതിനും മാസ് ഡ്രിൽ നടത്തുന്നതിനും നേരത്തെതന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലക്കേർപ്പെടുത്തിയിരുന്നു. 2023-ൽ എടുത്ത ഈ തീരുമാനം കർശനമായി പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പരാതി ഉയർന്നിരിക്കുന്നത്.

