തിരുവനന്തപുരം: ഒന്നര കോടിയോളം വിലവരുന്ന വീടും വസ്തുവും വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. പുനലൂർ അയലമൺ ചണ്ണപ്പേട്ട മണക്കാട് കോടാലിപച്ച ഓയിൽ ഫാം പഴയ ഫാക്ടറിക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ് (27), വട്ടപ്പാറ മരുതൂർ ചീനിവിള പാലയ്ക്കാട് വീട്ടിൽ വസന്ത (75) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡോറ അസറിയ ക്രിപ്‌സിന്റെ ഉടമസ്ഥതയിലുള്ള ശാസ്തമംഗലം ജവഹർ നഗറിലെ വീടും വസ്തുവുമാണ് മെറിൻ ജേക്കബ് വ്യാജരേഖൾ ഉപയോഗിച്ച് സ്വന്തമാക്കിയ ശേഷം മറിച്ചുവിറ്റത്.
ഡോറ അമേരിക്കയിലായിരുന്ന സമയത്താണ് മെറിന്റെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെ മുന്നിൽനിർത്തിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ജനുവരിയിലാണ് മെറിൻ വീടും സ്ഥലവും കൈക്കലാക്കിയത്. ഡോറയുടെ വളർത്തുമകളാണ് താനെന്ന് വരുത്തിത്തീർത്താണ് മെറിൻ തട്ടിപ്പ് നടത്തിയത്. വ്യാജ പ്രമാണം,വ്യാജ ആധാർ കാർഡ് എന്നിവയുണ്ടാക്കിയാണ് യുവതി വീടും സ്ഥലവും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യ്തത്
തുടർന്ന് ആ മാസം തന്നെ ചന്ദ്രസേനൻ എന്നയാൾക്ക് വിലയാധാരമായി എഴുതിക്കൊടുക്കുകയും ചെയ്തു. വീടും സ്ഥലവും മറ്റൊരാളിന്റെ പേരിലായെന്നറിഞ്ഞ് വീട് സൂക്ഷിപ്പുകാരനാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രജിസ്റ്റർ ഓഫീസിൽ നൽകിയ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
രജിസ്റ്റർ ഓഫീസിൽ നൽകിയ രേഖകകളിലെ ഫിംഗർ പ്രിന്റുകൾ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അറസ്റ്റ് വൈകാതെയുണ്ടാകും. എ.സി.പി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ,ബാലസുബ്രഹ്‌മണ്യൻ,സി.പി.ഒമാരായ ഉദയൻ,രഞ്ജിത്,ഷിനി,ഷംല,അരുൺ,അനൂപ്,സാജൻ,പത്മരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

