ന്യൂഡൽഹി: ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിതാ നേതാവിനെ ബിജെപി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ആർഎസ്എസും ഈ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയെന്നാണ് സൂചന. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഡി പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ എന്നിവരാണ് പരിഗണനയിലുള്ളത് എന്നാണ് സൂചന. ആർഎസ്എസും ഈ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ കാലാവധി 2023 ജനുവരി മാസം അവസാനിച്ചിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി 2024 ജനുവരി വരെ നീട്ടിനല്‍കുകയായിരുന്നു.
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇക്കഴിഞ്ഞ ദിവസം ജെ.പി. നഡ്ഡയുമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നിർമല സീതാരാമനാണ് നിലവിൽ കൂടുതൽ മുൻതൂക്കം. ഇതോടെ ദക്ഷിണേന്ത്യയിൽ അടക്കം പാർട്ടിക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ആന്ധ്രപ്രദേശ് ബിജെപി മുൻ അധ്യക്ഷയാണ് ഡി.പുരന്ദേശ്വരി. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിൽ പുരന്ദേശ്വരിയും അംഗമായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള നേതാവായ വാനതി ശ്രീനിവാസൻ നിലവിൽ കോയമ്പത്തൂർ സൗത്തിൽ നിന്നുള്ള എംഎൽഎയാണ്.
പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ വാനതി പ്രവർത്തിച്ചിട്ടുണ്ട്. 2020ൽ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ അധ്യക്ഷയായി. 2022ൽ ബിജെപിയുടെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര, ഹരിയാണ, ഡല്‍ഹി തിരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നതില്‍ ബിജെപിക്ക് സ്ത്രീവോട്ടര്‍മാര്‍ നല്‍കിയ പിന്തുണ വലുതായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പാർട്ടി ഒരു വനിത അധ്യക്ഷയിലേക്ക് നീങ്ങിയത്.

