തിരുവനന്തപുരം: സ്‌കൂളുകളിലെ മതപ്രാർത്ഥനകൾ ഒഴിവാക്കാനുള്ള നീക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഒരു മതത്തിന്റെ പ്രാർത്ഥനകൾ മറ്റുമതത്തിൽപെട്ട കുട്ടികളെ കൊണ്ട് പാടിക്കുന്നത് മതേതരത്വത്തിന് തടസ്സമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചന തുടങ്ങിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്‌കൂളുകളിൽ വേണ്ടത് സർവമത പ്രാർത്ഥനകളാണ്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം വയ്ക്കാനൊരുങ്ങുകയാണെന്നും കേരളം ഈ വിഷയം ചർച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു. പല സ്‌കൂളുകളിലും പ്രത്യേക മതവിഭാഗങ്ങളുടെ പ്രാർത്ഥനകൾ നടത്തുന്നുണ്ട്.
എന്നാൽ ഒരു മതത്തിന്റെ പ്രാർത്ഥനകൾ മറ്റ് മതത്തിൽപ്പെട്ട കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് പാടിക്കുന്നത് ശരിയല്ല. ഇത് പരിശോധിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കുട്ടികൾ പല മതത്തിലും പെട്ടവരാണ്. സ്‌കൂളുകളിലെ പ്രാർത്ഥനകൾ എല്ലാവർക്കും അംഗീകരിക്കാനാവുന്ന തരത്തിലുള്ളതാവണം.എന്നാൽ പല സ്‌കൂളുകളിലും സ്വന്തം മതവിഭാഗത്തിന്റെ പ്രാർത്ഥനാ ഗീതങ്ങൾ ചിട്ടപ്പെടുത്തി വച്ചിട്ടുണ്ട്. ഇത് നല്ല രീതിയല്ല. മതേതരത്വം വളർത്താൻ ഇത് തടസമാണെന്നും മന്ത്രി വ്യക്തമാക്കി. ചെറുപ്പത്തിൽത്തന്നെ കുട്ടികളിൽ സ്വതന്ത്രമായ ചിന്തയ്ക്ക് മുൻതൂക്കം നൽകേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, നിലവിലെ പ്രാർത്ഥനാ ഗീതങ്ങൾ മാറ്റി പകരം എന്തു സംവിധാനമാകും സ്കൂളുകളിൽ നടപ്പാക്കുക എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. സ്കൂളുകൾക്കായി പുതിയ പ്രാർത്ഥനാഗീതം ചിട്ടപ്പെടുത്താൻ പുതിയകാല കവികളിൽ ആരെയെങ്കിലും സർക്കാർ ചുമതലപ്പെടുത്തുമോ അതോ നിലവിലുള്ള ഏതെങ്കിലും പ്രാർത്ഥനാഗീതം എല്ലാ സ്കൂളുകളിലും ചൊല്ലാൻ നിർദ്ദേശം നൽകുമോ എന്ന കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പാണ് നിലപാട് വ്യക്തമാക്കേണ്ടത്.

