ഷിംല: ഹിമാചൽ പ്രദേശിൽ നാശം വിതച്ച് മൺസൂൺ. ജൂൺ 20 നും ജൂലൈ 17 നും ഇടയിൽ, സംസ്ഥാനത്തൊട്ടാകെ 110 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. ഹിമാചൽ പ്രദേശിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 35 പേരെ കാണാതായതായാണ് റിപ്പോർട്ട്.
ഇതിൽ 65 മരണങ്ങളും മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, മേഘസ്ഫോടനം, മുങ്ങിമരണം, വൈദ്യുതാഘാതം, കുത്തനെയുള്ള ചരിവുകളിൽ നിന്ന് ആളുകൾ വീഴുക തുടങ്ങിയ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ മൂലമാണ് ഉണ്ടായത്. ബാക്കി 45 പേർ ഈ മൺസൂൺ കാലയളവിൽ റോഡപകടങ്ങളിലാണ് മരിച്ചത്. കനത്ത മഴ തുടരുന്നതിനാൽ 250തിലധികം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
ഹിമാചലിൽ തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ആണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് നിലവിലുണ്ട്. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. അതേസമയം ഡൽഹിയിൽ യെല്ലോ അലർട്ട് തുടരുകയാണ്. അടുത്ത 4 ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

