ഗാസയിൽ പട്ടിണി മരണവും വർധിക്കുന്നു; മൂന്നു ദിവസത്തിനിടെ പട്ടിണിമൂലം മരിച്ചത് 21 കുഞ്ഞുങ്ങൾ

0

ഗാസ സിറ്റി: ഇസ്രയേൽ രൂക്ഷമായ ആക്രമണം തുടരുന്നതിനിടെ ​ഗാസയിൽ പട്ടിണി മരണവും വർധിക്കുന്നു എന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 21 കുഞ്ഞുങ്ങളാണ് പട്ടിണിമൂലം മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ​ഗാസ ന​ഗരത്തിലെ മൂന്നു ആശുപത്രികളിലായാണ് ഇത്രയേറെ കുഞ്ഞുങ്ങൾ മരിച്ചത്. കഴിഞ്ഞ ദിവസം ആറാഴ്ച്ച മാത്രം പ്രായമുള്ള കുഞ്ഞും പട്ടിണിമൂലം മരിച്ചിരുന്നു.

കുഞ്ഞുങ്ങളും മുതിർന്നവരും ഉൾപ്പെടെ 101 പേരാണ് കഴിഞ്ഞാഴ്ച ഗാസയിൽ മരിച്ചത്. മതിയായ ഭക്ഷണം ലഭിക്കാതെ സന്നദ്ധപ്രവർത്തകരുൾപ്പെടെ കുഴഞ്ഞ് വീഴുന്ന അവസ്ഥയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോഷകാഹാര കുറവും പട്ടിണിയും മൂലമാണ് കുട്ടികൾ മരിച്ചതെന്ന് ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാൽമിയ പറഞ്ഞു. ഇരുപത് ലക്ഷത്തിലധികം പേരാണ് ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും കടുത്ത ക്ഷാമം നേരിടുന്നത്. ഇതിനിടയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെടുന്നത്.

ഇസ്രയേലിന്റെ ഉപരോധം മൂലം ഭക്ഷണം, ഇന്ധനം, വൈദ്യസഹായം എന്നിവ ലഭിക്കാതെ കഷ്ടപ്പെടുകയാണ് ഗാസയിലെ ജനത. അഞ്ച് വയസിന് താഴെയുള്ള നിരവധി കുഞ്ഞുങ്ങളാണ് പട്ടിണി ഭീതിയിൽ ഗാസയിലുള്ളത്. ചൊവ്വാഴ്ച ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ ഇരുപത് പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിന് പുറമേ മരുന്നിന്റെ ലഭ്യത കുറവും പട്ടിണിമൂലം അവശരായി എത്തുന്ന കുഞ്ഞുങ്ങളെ ഉൾപ്പെടെ പരിചരിക്കാൻ കഴിയാത്ത സാഹചര്യം ആശുപത്രികളിലുണ്ടാക്കുന്നു.

അതേസമയം ഭക്ഷണവിതരണ കേന്ദ്രത്തിലെത്തുന്ന പലസ്തീനികളെയും ഇസ്രയേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയാണ്. ഭക്ഷണം തേടിയെത്തുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെയാണ് ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഭക്ഷണം തേടിയെത്തുന്നവരെ കൊലപ്പെടുത്തുന്ന ഭീകരത അവസാനിപ്പിക്കണമെന്ന് ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here