തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നദികളിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പാണ് അലർട്ട് നൽകിയിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ജലസേചന വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
കാസർകോട് മൊഗ്രാൽ (മധുർ സ്റ്റേഷൻ), പത്തനംതിട്ട മണിമല (തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ), എന്നീ നദികളിലാണ് അലർട്ട് നൽകിയിരിക്കുന്നത്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കാൻ തയ്യാറാകണമെന്നും മുന്നറിയിപ്പിലുണ്ട്. അതേസമയം, കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് ഉണ്ട്.
ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയത്. ഈ ജില്ലകളിൽ 64.5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്.
നിലവിലെ സാഹചര്യത്തിൽ ജൂലൈ 24 ന് വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. 24 -ാം തിയതി മുതൽ സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. 25 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഒഡിഷക്കു മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതും മഴ പെയ്യാൻ അനുകൂല സാഹചര്യമാണ്.

