പത്തനംതിട്ട: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയെ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട ചെങ്ങറ സ്വദേശി വിഷ്ണുശങ്കറിനെയാണ് മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തിരണ്ടുകാരനായ വിഷ്ണു ശങ്കർ മാസങ്ങളോളം പലസ്ഥലങ്ങളിൽവെച്ച് ബലാത്സംഗം ചെയ്തെന്ന വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ പരാതിയിലാണ് പൊലീസിന്റെ നടപടി. ഹരിപ്പാട് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പല സ്ഥലങ്ങളിൽവെച്ച് ബലാത്സംഗം ചെയ്തെന്നും പണവും മൊബൈൽ ഫോണും തട്ടിയെടുത്തു എന്നുമാണ് യുവതിയുടെ പരാതി. തന്റെ നഗ്നചിത്രങ്ങളെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തെന്നും യുവതി പരാതിയിൽ പറയുന്നു. ഫോണിലുള്ള ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. വീട്ടിലെത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ച് പരാതി നൽകിയത്.
കഴിഞ്ഞ ജനുവരി ഏഴ് മുതൽ ജൂൺ വരെ പലയിടത്തു വച്ചായി കണ്ടുമുട്ടി ബലാൽസംഗം ചെയ്തതെന്നാണ് യുവതിയുടെ പരാതി. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹിതയും കുഞ്ഞിന്റെ മാതാവുമായ യുവതി വിഷ്ണുശങ്കറിനെ പരിചയപ്പെടുന്നത്. പരിചയപ്പെട്ട കാലത്ത് തന്നെ ഒരു ഫോണും പണവും കൈക്കലാക്കി.പിന്നീട് കാറിൽ യാത്ര ചെയ്തപ്പോൾ ഫോട്ടോ എടുത്തു. പിന്നീട് സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി കാട്ടിൽ വച്ചും യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയും ലൈംഗികമായി ചൂഷണം ചെയ്തു.ഇതിനിടെ നഗ്നചിത്രങ്ങൾ പകർത്തി സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തെന്നും പരാതിയിൽ പറയുന്നു.
ഫോണിലുള്ള ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി.ഇത് ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയും ലൈംഗിക ചൂഷണം തുടർന്നു.പിന്നീട് പരസ്യമായി അസഭ്യം പറയുകയും ഫോട്ടോകൾ നാട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.കഴിഞ്ഞ ഏഴാംതീയതി രാത്രി യുവതിയുടെ വീടിൻറെ ജനലിന് അരികിൽ വന്ന് കൊല്ലുമെന്നും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.ഇതോടെയാണ് മലയാലപ്പുഴ പൊലീസിനെ സമീപിച്ചതും ഹരിപ്പാട്ട് നിന്ന് പിടികൂടിയതും.

