ഇൻഡോർ: ഹണിമൂണിനിടെ നവവധുവും കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഭർത്താവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ യുവതി കാമുകനെ വിവാഹം കഴിച്ചിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ ഇൻഡോർ സ്വദേശിയായ രാജ രഘുവംശി മേഘാലയയിൽ വെച്ച് കൊല്ലപ്പെട്ട സംഭവത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
കേസിലെ മുഖ്യപ്രതിയും രാജാരഘുവംശിയുടെ ഭാര്യയുമായ സോനം രഘുവംശിയിൽനിന്ന് മേഘാലയ പൊലീസ് രണ്ട് താലിമാലകൾ കണ്ടെടുത്തു എന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സഹോദരൻ വിപിൻ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. യുവതിയുടെ കാമുകനായ രാജ് കുശ്വാഹ അണിയിച്ചതാകാം രണ്ടാമത്തെ താലിമാലയെന്നും സഹോദരൻ പറഞ്ഞു. രാജാരഘുവംശിയെ കൊലപ്പെടുത്തിയ ശേഷം കമിതാക്കളായ ഇരുവരും വിവാഹംചെയ്തിരിക്കാമെന്നും വിപിൻ പറയുന്നു.
രണ്ട് താലിമാലകളാണ് മേഘാലയ പൊലീസ് കണ്ടെടുത്തത്. അതിലൊന്ന് മേയ് 11-ന് രാജ രഘുവംശി വിവാഹംചെയ്ത ദിവസം അണിയിച്ചതാണ്. എന്നാൽ, രണ്ടാമത്തെ താലിമാല സോനത്തിന്റെ കാമുകൻ അണിയിച്ചതാകാം. രാജ രഘുവംശിയെ കൊലപ്പെടുത്തിയശേഷം അവർ രണ്ടുപേരും രഹസ്യമായി വിവാഹംചെയ്തിട്ടുണ്ടാകുമെന്നും രാജ രഘുവംശിയുടെ സഹോദരൻ വിപിൻ പറഞ്ഞു.
രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോനം, കാമുകൻ രാജ് ഖുശ്വാഹ, വാടകക്കൊലയാളികൾ എന്നിവർ പിടിയിലായിരുന്നു. കാമുകന്റെ സഹായത്തോടെയാണ് യുവതി പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. എന്നാൽ, ഈ കാമുകനെയും യുവതി കരുവാക്കുകയായിരുന്നു എന്നും സോനം മറ്റൊരു കാമുകനുമായി ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നു എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
കാമുകൻ രാജ് ഖുശ്വാഹയെയും സോനം കബളിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. കാമുകനെ സോനം ചട്ടുകമായി ഉപയോഗിച്ചിരിക്കാമെന്നും മറ്റൊരാളോടൊപ്പം ഒളിച്ചോടാൻ സോനം പദ്ധതിയിട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു. ഈ കാര്യങ്ങളൊന്നും അറിയാത്ത രാജ് സോനത്തിന് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. സോനം ഓരോരുത്തരെയും കബളിപ്പിച്ചതായും, രാജിനെ പ്രണയ വാഗ്ദാനങ്ങൾ നൽകി വശീകരിച്ചതായും മറ്റുള്ളവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തതായും പൊലീസ് പറയുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
വിവാഹ ശേഷം രാജാ രഘുവംശിയുമായി സോനം ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നില്ല. ഇതിനായി മറ്റൊരു തന്ത്രമാണ് യുവതി ഉപയോഗിച്ചത്. ഭർത്താവിന് വേണ്ടി വഴിപാട് നേർന്നെന്നും അത് പൂർത്തിയാക്കിയാലേ ശാരീരികമായി ബന്ധപ്പെടാൻ സാധിക്കൂവെന്നും യുവതി ഭർത്താവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. വിവാഹം നടക്കാനായി താൻ കാമാഖ്യ ദേവീക്ഷേത്രത്തിൽ സന്ദർശിക്കുമെന്ന് വഴിപാട് നേർന്നിരുന്നതായി സോനം ഭർത്താവ് രാജാ രഘുവംശിയെ വിശ്വസിപ്പിച്ചു. കാമാഖ്യയിൽ പോയി യോനി പ്രതിഷ്ഠയിൽ വഴിപാട് ചെയ്ത ശേഷം മാത്രമേ ലൈംഗികബന്ധം ആരംഭിക്കൂ എന്നായിരുന്നു തന്റെ നേർച്ചയെന്നും യുവതി ഭർത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിനനുസരിച്ചാണ് ഇരുവരും ഹണിമൂൺ യാത്രാ പദ്ധതി നടപ്പാക്കിയത്.
എന്നാൽ, ശാരീരികമായി ബന്ധപ്പെടുന്നത് ഒഴിവാക്കാനുള്ള സോനത്തിന്റെ തന്ത്രം മാത്രമായിരുന്നു വഴിപാടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. മെയ് 11നാണ് ഇരുവരും വിവാഹിതരായത്. മെയ് 20 ന് അസമിലെ ഗുവാഹത്തി വഴി മേഘാലയയിൽ എത്തി. മെയ് 23 ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സൊഹ്‌റയിൽ വെച്ച് നോംഗ്രിയത്ത് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് ഇറങ്ങി മണിക്കൂറുകൾക്ക് ശേഷം ഇരുവരെയും കാണാതാകുകായിരുന്നു. പിന്നീട് രാജയുടെ മൃതദേഹം കൊക്കയിൽ നിന്ന് ലഭിച്ചു. ഇതിനു പിന്നാലെയാണ് കൊലക്കേസിൽ ഭാര്യ സോനവും കാമുകനും സഹായികളും അറസ്റ്റിലായത്.

