പോസ്റ്റോഫീസില്‍ പോയി സമയം കളയണ്ട; ഇനി വീട്ടിൽ ഇരുന്ന് സ്പീഡ് പോസ്റ്റും പാഴ്സലും അയക്കാം

0

സ്പീഡ് പോസ്റ്റും പാഴ്സലും ഒക്കെ അയക്കാൻ ഇനി പോസ്‌റ്റോഫീസിൽ പോയി ക്യൂ നിൽക്കേണ്ട. എല്ലാം വീട്ടിൽ ഇരുന്ന് തന്നെ ചെയ്യാം. എങ്ങനെ ആണെന്നല്ലേ. തപാൽ വകുപ്പിന്റെ ഒരു ആപ് ഡൌൺലോഡ് ചെയ്താൽ മാത്രം മതി. ആപ്പ് ഉപയോഗിച്ചാണ് വീട്ടിലിരുന്ന് രജിസ്‌ട്രേഡും സ്പീഡ് പോസ്റ്റുമെല്ലാം അയയ്ക്കാന്‍ സാധിക്കും. ആപ്പ് ഉപയോഗിച്ച് പണമടച്ച് രജിസ്റ്റര്‍ ചെയ്യുന്നതോടെ പോസ്റ്റ്മാന്‍ വീട്ടിലെത്തി തപാല്‍ ഉരുപ്പടി ശേഖരിക്കും. നിലവില്‍ ഉപയോഗിക്കുന്ന ടിസിഎസിന്റെ സോഫ്റ്റ്‌വെയര്‍ മാറ്റി തപാല്‍ വകുപ്പിന്റെ സ്വന്തം സോഫ്റ്റ്‌വെയര്‍ വരുന്നതോടെയാണ് ഇനി പോസ്റ്റ് ഓഫീസിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ സാധിക്കുക. തപാല്‍ വകുപ്പ് സ്വന്തമായി വികസിപ്പിക്കുന്ന ആപ്പ് വരുന്നതോടെ നിരവധി മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

നിലവില്‍ രജിസ്‌ട്രേഡ് തപാല്‍ ഉരുപ്പടികള്‍ മേല്‍വിലാസക്കാരന്‍ കൈപ്പറ്റുന്നതിന്റെ തെളിവായ അക്‌നോളഡ്ജ്‌മെന്റ് കാര്‍ഡിന് പകരം 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി നടപ്പാക്കാനാണ് തീരുമാനം. ബാര്‍കോഡ് അടിസ്ഥാനമാക്കി സാധാരണ കത്തുകളുടെ അപ്‌ഡേറ്റ്‌സ് അറിയുന്നതിന് ട്രാക്കിങ് സംവിധാനവും നിലവില്‍ തപാൽ സംവിധാനത്തിൽ കൊണ്ടു വരുന്നുണ്ട്. തപാല്‍ ഉരുപ്പടികള്‍ എത്തിയതായുള്ള സന്ദേശം കൈപ്പറ്റേണ്ടയാള്‍ക്കും, കൈമാറി എന്ന സന്ദേശം അയച്ചയാള്‍ക്കും കൃത്യമായി നല്‍കുന്നതിനുള്ള സംവിധാനവുമുണ്ട്. ഇക്കാര്യങ്ങള്‍ സുഗമമാക്കുന്നതിന് രണ്ടുപേരുടെയും മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാക്കും.

തപാല്‍ ഉരുപ്പടികള്‍ എത്തിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ കാരണം കാണിച്ചുള്ള സന്ദേശം ഡെലിവറി സ്റ്റാഫ് സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യണം. ഉദാഹരണത്തിന് ഉരുപ്പടി എത്തിക്കേണ്ടി വീട് അടഞ്ഞു കിടക്കുകയാണെങ്കില്‍ അതിന്റെ ഒരു ഫോട്ടോ ആയിരിക്കും സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യേണ്ടി വരിക. കൂടാതെ നിലവിലെ പേപ്പറില്‍ ഒപ്പിട്ട് ഉരുപ്പടി കൈപ്പറ്റുന്ന രീതി ഡിജിറ്റല്‍ സിഗ്നേച്ചറിലേക്കും മാറും. സ്പീഡ്, രജിസ്റ്റർ, പാഴ്സൽ, മണിയോർഡർ തുടങ്ങിയ തപാൽ ഉരുപ്പടികൾ ട്രാക്ക് ചെയ്ത് കണ്ടെത്താനുള്ള സംവിധാനം നിലവിൽ ഇന്ത്യാ പോസ്റ്റിന്റെ വെബ്സൈറ്റിലുണ്ട്.

ജൂൺ 30-ന് സംസ്ഥാനത്ത് 22 സ്വതന്ത്ര തപാൽവിതരണ കേന്ദ്രങ്ങൾ (ഐഡിസി) തുടങ്ങിയിട്ടുണ്ട്. സബ് ഓഫീസുകളിലും ഹെഡ് പോസ്റ്റ് ഓഫീസിലും ബ്രാഞ്ച് ഓഫീസുകളിലും തപാൽവിതരണം നടത്തുന്ന ജീവനക്കാരെല്ലാം ഒരുസ്ഥലത്ത് കേന്ദ്രീകരിച്ച് അവിടെനിന്ന്‌ തപാൽ ഉരുപ്പടികൾ വിതരണം ചെയ്യുന്ന രീതിയാണിത്. വരും നാളുകളിൽ പാഴ്സൽ വിതരണത്തിനാണ്‌ (ലോജിസ്റ്റിക് സർവീസ്) ഭാവിയെന്നതിനാൽ ആ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നടപടികളും വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here