ചെന്നൈ: തമിഴ്നാട്ടിൽ തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ യുവാവ് കസ്റ്റഡിയിൽ വച്ച് മരണപ്പെട്ട കേസ് സിബിഐ അന്വേഷിക്കും. സംസ്ഥാന സർക്കാരാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. മദ്രാസ് ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൈമാറ്റം. ഇതുകൂടാതെ സിബിസിഐഡിയുടെ പ്രത്യേക സംഘവും കേസ് അന്വേഷിക്കും. മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരൻ ബി.അജിത് കുമാർ(27) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലയിലും നെഞ്ചിലും ഉൾപ്പെടെ ഒന്നിലധികം പരിക്കുകൾ ഉണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
അതിക്രൂര പീഡനമാണ് അജിത് കുമാര്‍ പൊലീസില്‍ നിന്ന് നേരിട്ടതെന്ന് കോടതി വിമര്‍ശിച്ചു. പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം കടുപ്പിച്ചത്. മര്‍ദനത്തില്‍ മരിച്ച അജിതിന്റെ വീട്ടുകാരുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംസാരിച്ചു. സംഭവത്തിൽ അഞ്ചു പൊലീസുകാരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച ശിവഗംഗ ജില്ലയിലെ തിരുപ്പുവനത്ത് നടന്ന ഒരു സ്വർണ്ണാഭരണ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മദപുരം കാളിയമ്മൻ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അജിത് കുമാർ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുളള ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രത്തിലെത്തിയ ഭക്തയുടെ പരാതിയിലാണ് പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്.
ക്ഷേത്രത്തിലെത്തിയ സ്ത്രീ അജിത് കുമാറിനോട് കാർ പാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നാലെ കാറിലുണ്ടായിരുന്ന പത്തുപവനോളം വരുന്ന സ്വർണാഭരണങ്ങൾ കാണാതായെന്നായിരുന്നു ആരോപണം. എന്നാൽ കാർ ഓടിക്കാൻ അറിയാത്ത അജിത് കുമാർ വണ്ടി പാർക്ക് ചെയ്യാൻ മറ്റൊരാളുടെ സഹായം തേടിയിരുന്നെന്നാണ് വിവരം. ഒരുമണിക്കൂറിനുശേഷം കാറിന്റെ താക്കോൽ തിരികെ കൊടുക്കുകയും ചെയ്തു. ഇവരുടെ പരാതിയെ തുടർന്ന് പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തു. ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
താമസിക്കാതെ തന്നെ അജിത് മരിച്ചുവെന്ന് പൊലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു. അതേസമയം അജിത് കുമാറിനെ മർദിച്ചതായാണ് കുടുംബാംഗങ്ങളുടെ ആരോപണം. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ജൂൺ 29 ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ അജിത് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പൊലീസ് ക്രൂരതയാണ് മകന്റെ മരണത്തിന് പിന്നിലെന്ന് അജിത് കുമാറിന്റെ കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

