പാലക്കാട്: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തെ യുവാക്കൾ മർദിച്ചതായി പരാതി. ഒറ്റപ്പാലത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കളുടെ സംഘമാണ് കുടുംബത്തെ മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹരിനാരായണൻ എന്നയാളും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് ചുനങ്ങാട് സ്വദേശികളായ അബ്ദുല്‍ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന സംഘത്തെ ആണ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവം ചോദ്യം ചെയ്യാനെത്തിയ എസ്‌ഐ ഗ്ലിഡിങ് ഫ്രാന്‍സിസിനെയും യുവാക്കൾ മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ഒറപ്പാലം പോലീസ് കേസെടുത്തു. രണ്ട് എഫ്‌ഐആറുകള്‍ ആയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുടുംബത്തെ യുവാക്കൾ കയ്യേറ്റം ചെയ്തതായി വിവരം ലഭിച്ചതിന് പിന്നാലെ പ്രശ്‌നത്തിൽ ഇടപെട്ട സബ്ഇന്‍സ്‌പെക്ടറെയാണ് സംഘം മർദിച്ചത്. ഉദ്യോഗസ്ഥൻ ഒറ്റപ്പാലം ആശുപത്രിയിൽ ചികിത്സ തേടി.

