ന്യൂഡൽഹി: ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. മംദാനി വാ തുറക്കുമ്പോൾ പാകിസ്ഥാന്റെ പിആർ ടീം അവധിയെടുക്കുമെന്നായിരുന്നു മുതിർന്ന കേൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വിയുടെ പരാമർശം. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അഭിഷേക് മനു സിങ്വി മംദാനിയെ രൂക്ഷമായി വിമർശിച്ചത്.
‘സൊഹ്റാൻ മംദാനി വാ തുറക്കുമ്പോൾ, പാകിസ്ഥാന്റെ പിആർ ടീം അവധിയെടുക്കുകയാണ്. ന്യൂയോർക്കിൽനിന്ന് കെട്ടുകഥകൾ വിളിച്ചുപറയുന്ന ഇയാളെപ്പോലുള്ള ‘സഖ്യകക്ഷികൾ’ ഉള്ളപ്പോൾ ഇന്ത്യക്ക് ശത്രുക്കളെ ആവശ്യമില്ല’. സിങ്വി എക്സിൽ കുറിച്ചു.
ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി വിജയിച്ചിരുന്നു. ഇതിനു പിന്നാലെ രൂക്ഷ വിമർശനമാണ് മംദാനിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തിയത്. 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനാണ് മംദാനി എന്നായിരുന്നു ട്രംപിന്റെ വിമർശനം. ഇതിനു പിന്നാലെയാണ് കോൺഗ്രസ് നേതാവും മംദാനിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

