ഡൽഹി: നീണ്ട ഒൻപത് വർഷത്തിനു ശേഷം മൗനം വെടിഞ്ഞ് കിങ്ഫിഷർ എയർലൈൻസിന്റെ മുൻ ഉടമയായ വിജയ് മല്യ രംഗത്ത്. രാജ് ഷമാനിയുമായുള്ള നാല് മണിക്കൂർ നീണ്ട പോഡ്കാസ്റ്റ് എപ്പിസോഡിലാണ് അദ്ദേഹം സംസാരിച്ചത്. 2013 ന് ശേഷം ആദ്യമായാണ് മല്യ പരസ്യമായി സംസാരിക്കുന്നത്.
ആദ്യ എപ്പിസോഡ് ഇന്ന് ആണ് പുറത്തിറങ്ങിയത്. പോഡ്കാസ്റ്റിൽ തൻ്റെ എയർലൈനിന്റെ തകർച്ചയെക്കുറിച്ചും മല്യ സംസാരിച്ചു. കുടിശ്ശികകൾ തീർക്കണമെന്നാണ് ആഗ്രഹം എന്നും 2012 നും 2015 നും ഇടയിൽ വായ്പകൾ തീർക്കാൻ നാല് വ്യത്യസ്ത ഓഫറുകൾ നൽകിയതായും മല്യ പറഞ്ഞു.
അതേസമയം മുഴുവൻ തുകയായ 14,000 കോടി രൂപയും ആവശ്യപ്പെട്ട ബാങ്കുകൾ തന്റെ ഓഫറുകൾ നിരസിച്ചതായി ആണ് മല്യ വ്യക്തമാക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സണെ പരിശീലന അക്കാദമിയിൽ വെച്ച് കണ്ട് കരാർ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ലെന്നും മല്യ പറഞ്ഞു.

