ഫ്ലോറിഡ: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ആക്‌സിയം4 ബഹിരാകാശ ദൗത്യം ഇന്ന് നടക്കാനിരിക്കെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാംശു ശുക്ലയ്ക്കൊപ്പം കേരളത്തിന്‍റെ സ്വന്തം വിത്തുകളും ബഹിരാകാശത്തേക്ക് പോവുകയാണ്. വെള്ളായണി കാർഷിക സർവകലാശാലയും തിരുവനന്തപുരം ഐഐഎസ്‍ടിയും ചേർന്നാണ് ബഹിരാകാശത്തേക്ക് വിത്തിനങ്ങളെ അയക്കുന്നത്. ഈ ഒരു ദൗത്യത്തിന്റെ ഉദ്ദേശം എന്താണെന്ന് ഗവേഷകർ തന്നെ വിശദീകരിക്കുന്നു.
‘ക്രോപ്‌സ് സീഡ്‌സ് ഇന്‍ ഐഎസ്എസ്’ എന്നാണ് ഈ പരീക്ഷണത്തിന്‍റെ പേര്. വെള്ളായണി കാർഷിക സർവകലാശാലയില്‍ നിന്നുള്ള ആറിനം വിത്തിനങ്ങളാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. നെല്‍ വിത്തുകള്‍, പയര്‍ വിത്തുകള്‍, തക്കാളി വിത്തുകള്‍, വഴുതന വിത്തുകള്‍ എന്നിവ ഇതില്‍ അടങ്ങുന്നു. ബഹിരാകാശ നിലയത്തിലെ മൈക്രോഗ്രാവിറ്റി സാഹചര്യത്തില്‍ ഈ വിത്തുകള്‍ക്ക് എന്തെങ്കിലും മാറ്റം വരുമോ എന്നറിയാനാണ് ഇവ അയക്കുന്നത്.
ശുഭാംശു ശുക്ല ഈ പരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കും. നാളിതുവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയിട്ടില്ലാത്ത കേരളത്തിന്‍റെ തനത് വിത്തുകളാണ് അയക്കുന്നത് എന്നതാണ് പരീക്ഷണത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. വെള്ളായണി കാർഷിക സർവകലാശാലയും തിരുവനന്തപുരം ഐഐഎസ്‍ടിയും ചേർന്നുള്ള പരീക്ഷണം സ്പേസ് ബയോളജി രംഗത്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകും എന്നാണ് പ്രതീക്ഷ.
ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്‍റെ വിക്ഷേപണം ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് ഒന്നിന് നടക്കുമെന്ന് നാസയുടെ അറിയിപ്പ്. കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണ് ഒടുവിൽ നാളെ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ശുഭാംശുവും സംഘവും ക്വാറന്റീനില്‍ തുടരുകയാണ്. ശുഭാംശുവിനെ കൂടാതെ നാസയുടെ മുതിർന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങൾ.
നാൽപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യക്കാരൻ വീണ്ടും ബഹിരാകാശത്ത് എത്തുകയാണ് ശുഭാശംശുവിലൂടെ. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനാണു ശുഭാംശു ശുക്ല. കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് യാത്ര. ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്. ജൂൺ 19ന് വിക്ഷേപണം നടത്തിയേക്കുമെന്നാണ് ആക്സിയം സ്പേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് മാറ്റിവെക്കുകയായിരുന്നു. നാസയും സ്പേസ് എക്സുമായി ചേർന്നാണ് തീയതി പ്രഖ്യാപിച്ചത്. ദൗത്യം നടത്താൻ ജൂൺ അവസാനം വരെ സമയമുണ്ടെന്ന് കഴിഞ്ഞ ദിവസം ആക്സിയം അറിയിച്ചിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മൊഡ്യൂളില്‍ സാങ്കേതിക പ്രശ്‌നം പരിഹരിച്ചതിനെ തുടർന്നാണ് യാത്ര 19 ന് നടത്തുമെന്ന് അറിയിച്ചിരുന്നത്. കാലാവസ്ഥ പ്രതികൂലമായിരുന്നതും തടസമായി. നിലയത്തിലെ സ്വെസ്ദ എന്ന റഷ്യന്‍ മൊഡ്യൂളില്‍ മര്‍ദ്ദ വ്യതിയാനം ഉണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് യാത്ര നീട്ടിവെച്ചത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ മൊഡ്യൂളിലെ ചില ചോര്‍ച്ചകള്‍ റഷ്യന്‍ കോസ്മനോട്ടുകള്‍ പരിഹരിച്ചിരുന്നു. മേയ് 29ന് നിശ്ചയിച്ചിരുന്ന ദൗത്യം ആദ്യം കാലാവസ്ഥ പ്രശ്‌നവും പിന്നീട് ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ദ്രവീകൃത ഓക്‌സിജന്‍ ചോര്‍ച്ച കാരണവും നാല് വട്ടം മാറ്റി വച്ചിരുന്നു.

