ന്യൂഡൽഹി: ഇന്ത്യൻ നദികളിൽ നിന്നും പാകിസ്ഥാനേക്ക് ഒഴുകിയിരുന്ന ജലം ഇനി ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കെത്തും. സിന്ധൂനദിജല കരാറിന്റെ ഭാഗമായി ഇന്ത്യ വിട്ടുനൽകിയിരുന്ന ജലമാണ് ഇനി ഗതിമാറ്റി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുക. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ജലം നൽകുന്നത് ഇന്ത്യ നിർത്തിവെച്ചിരുന്നു.
പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇതിനായി പുതിയ കനാലുകൾ നിർമ്മിക്കും. ബിയാസ് നദിയിലെ ജലം രാജസ്ഥാനിലെ ഗംഗ നഗറിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ രാജസ്ഥാനിലെ ശ്രീ ഗംഗ നഗറിൽ ജലം എത്തിക്കുന്നതിനുള്ള കനാലാണ് നിർമിക്കുക. 130 കിലോമീറ്റർ ദൈർഘ്യമുള്ള കനാലായിരിക്കും ഇതിനായി നിർമിക്കുക.
മൂന്ന് വർഷമാണ് കനാൽ നിർമാണം പൂർത്തിയാക്കാൻ കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന സമയപരിധി. എന്നാൽ, രണ്ട് വർഷത്തിനുള്ളിൽത്തന്നെ കനാൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. രണ്ടാം ഘട്ടം എന്ന നിലയിലാണ് ഈ ജലം യമുനാനദിയിലേക്ക് എത്തിക്കുന്നത്. ഇതിനായി എഴുപത് കിലോമീറ്റർ നീളമുള്ള കനാൽ നിർമ്മിക്കും. ജലം യമുനയിൽ എത്തുന്നതോടെ, ഡൽഹി, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലേക്കും ബിയാസിലെ ജലം ഒഴുകും.
പെഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥനെതിരായ നടപടികളുടെ ഭാഗമായാണ് ഇന്ത്യ സിന്ധൂ നദീജല കരാർ മരവിപ്പിച്ചത്. അടുത്തിടെ, സിന്ധു നദി കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ എല്ലാ ആശങ്കകളും ചർച്ചചെയ്യാൻ തയ്യാറാണെന്ന് വ്യക്തമാക്കി വീണ്ടും പാകിസ്ഥാൻ ഇന്ത്യക്ക് കത്ത് നൽകിയിരുന്നു. കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിനാണ് കത്ത് കൈമാറിയത്. ഇതേ അപേക്ഷയുമായി പാകിസ്ഥാൻ നേരത്തെ നൽകിയ രണ്ട് കത്തുകൾ ഇന്ത്യ തള്ളിയിരുന്നു. പാകിസ്ഥാൻ കൈമാറിയ പുതിയ കത്ത് ജൽ ശക്തി മന്ത്രാലയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി.

