മലപ്പുറം: വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച അപകടത്തിൽ സംശയമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. ബോധപൂർവം ചെയ്തതാണോ എന്ന് സംശയിക്കുന്നുവെന്നാണ് വനംമന്ത്രിയുടെ ഗുരുതര ആരോപണം. രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും എ.കെ ശശീന്ദ്രൻ ആരോപിച്ചു. വാര്‍ത്ത കേട്ടയുടന്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് പ്രതിപക്ഷത്തുള്ള യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവം നിലമ്പൂരിൽ അറിയുന്നതിന് മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു. ഇപ്പോൾ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ ആരായിരിക്കും അതിന്റെ ഗുണഭോക്താക്കൾ എന്നും വനംമന്ത്രി ചോദിച്ചു. വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ ഗുരുതര ആരോപണം.
സംഭവം വേദനാജനകമാണ്. പക്ഷെ അന്വേഷണം നടക്കും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിഷയദാരിദ്ര്യം അനുഭവപ്പെട്ട പ്രതിപക്ഷം ഗവണ്‍മെന്റിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ പറ്റുന്ന ഒരവസരമായി ഇതിനെ ദുരുപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുറ്റം വനംവകുപ്പിന്റെ തലയില്‍ ചാര്‍ത്താനുള്ള ശ്രമങ്ങള്‍ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. വനം വകുപ്പ് കേരളത്തില്‍ ഒരിടത്തും വൈദ്യുതി ഉപയോഗിച്ചുള്ള ഫെന്‍സിങ് സ്ഥാപിക്കുന്നില്ല. സോളാര്‍ ഉപയോഗിച്ചുള്ള ഫെന്‍സിങ് ആണ് സ്ഥാപിക്കുന്നത്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്വകാര്യ വ്യക്തി അറിയാതെയാണ് സ്ഥാപിച്ചിട്ടുള്ളതെന്ന വിവരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലഘട്ടമായതുകൊണ്ടുതന്നെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഢാലോചന ഈ കാര്യത്തില്‍ നടന്നിട്ടുണ്ടെന്ന സംശയം ജനങ്ങളിലാകെ ഉയര്‍ന്നു വന്നിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
അറിഞ്ഞുകൊണ്ട് സംഭവിച്ച പ്രതിഷേധമാണിതിനെ നോക്കിക്കാണാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ട്രാജഡി എന്ന് വിശേഷിപ്പിക്കാന്‍ ഇടയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഇലക്ട്രിസിറ്റി ബോര്‍ഡോ വനംവകുപ്പോ ഒരു തെറ്റും ചെയ്തതായി ഈ സമയം വരെയുള്ള പരിശോധനയില്‍ കാണാന്‍ സാധിച്ചില്ല. അനധികൃതമായാണ് വൈദ്യുത പോസ്റ്റില്‍ നിന്നും കമ്പി വലിച്ച് ഫെന്‍സിങ്ങിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചത് എന്നാണ് പറയുന്നത്. അത് തന്നെ കുറ്റകരമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, വനംമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇടപെട്ട് എ കെ ശശീന്ദ്രനെ തിരുത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

