ഇന്ന് (ജൂൺ 3) ലോക സൈക്കിള്‍ദിനമായി ആചരിക്കുന്നു. ലോകത്തെ ഏറ്റവും ലളിതവും ആരോഗ്യകരവുമായ യാത്രമാര്‍ഗങ്ങളില്‍ ഒന്നായ സൈക്കിളിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലാണ് ദിനാചരണം. 2018 ഏപ്രിൽ മാസത്തിലാണ് ഐക്യരാഷ്ട്ര സംഘടന ഇതിനുള്ള പ്രഖ്യാപനം നടത്തിയത്.
മിക്കവരുടെയും ജീവിതത്തിലെ ആദ്യത്തെ വാഹനം സൈക്കിള്‍ തന്നെയാകും. കുട്ടിക്കാലത്ത് സൈക്കിൾ പഠിച്ചുകഴിഞ്ഞാൽ എവറസ്റ്റ് കീഴടക്കിയ സന്തോഷമാണ്. പണ്ടൊക്കെ എല്ലാവർക്കും സൈക്കിൾ കാണണമെന്നില്ല, എന്നാൽ അന്ന് കടകളിൽ സൈക്കിളുകൾ വാടകയ്ക്ക് കിട്ടും. അത് അര മണിക്കൂറോ ഒരു മണിക്കൂറോ ഒക്കെയെടുത്ത് നാടൊന്ന് ചുറ്റിയവരാണ് നമ്മളേറെയും. ബൈക്കും കാറുമൊക്കെ ഓടിക്കുന്നതിന് മുമ്പുളള ആദ്യപടിയാണിത്.
ലോകത്ത് ഏറ്റവും ലളിതമായ യാത്രാമാര്‍ഗങ്ങളില്‍ ഒന്നാണ് സൈക്കിള്‍. സൈക്കേലിന് ചിലവും അപകടസാധ്യതയും മറ്റുള്ളവയെ അപേക്ഷിച്ച വളരെ കുറവാണ്. കാര്‍ബണ്‍ ബഹിഷ്‌കരണം ഇല്ലാത്ത, അന്തരീക്ഷമലിനീകരണം ഉണ്ടാക്കാത്ത ഏക ഇരുചക്രവാഹനം എന്ന നിലയിലും സൈക്കിളിന്റെ പ്രസക്തി ഏറുകയാണ്. ഗതാഗതക്കുരുക്കിന് പരിഹാരമായും നഗരങ്ങളില്‍ സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുന്നു.
ആരോഗ്യസംരക്ഷണത്തിനുള്ള പ്രധാനമാര്‍ഗങ്ങളില്‍ ഒന്നായും സൈക്കിളിന് പ്രാധാന്യമുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ആദ്യമായി സൈക്കിള്‍ നിര്‍മിച്ചത്. മരം കൊണ്ടുള്ള പെഡലോ ചെയിനോ ഗിയറോ ഇല്ലാത്ത സൈക്കിളിന് രൂപം നല്‍കിയത് ബാരണ്‍ കാള്‍ വോണ്‍ഡ്രെയിസാണ്.
കാലം മാറുന്തോറും പല മോഡലുകളില്‍ സൈക്കിളുകള്‍ നിരത്തിലിറങ്ങി. സാങ്കേതികവിദ്യയുടെ പുരോഗതിയും സാമ്പത്തിക വ്യവസ്ഥയിലുണ്ടായ വികസനവും സൈക്കിളില്‍ നിന്ന് മുന്തിയ ഇനം വാഹനങ്ങളിലേക്ക് മാറാന്‍ സാധാരണക്കാര്‍ക്കുപോലും സൌകര്യം ഒരുക്കി. എന്നാല്‍ വ്യായാമത്തിനും ആരോഗ്യപരിപാലനത്തിനുമായി ദിവസവും സൈക്കിള്‍ ചവിട്ടുന്നവരുണ്ട്. മെട്രോനഗരങ്ങളില്‍ സൈക്കിള്‍ യാത്രക്കായി പ്രത്യേകം പാതകളും സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
ആരോഗ്യപരമായ കാഴ്ചപ്പാടിലും സൈക്കിള്‍ സവാരിയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. സൈക്ലിംഗ്, നടത്തം, ഓട്ടം തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നമ്മുടെ പല ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കും. സൈക്ലിംഗിന് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം, ചില ക്യാന്‍സര്‍, പൊണ്ണത്തടി, മാനസിക സമ്മർദ്ദം മുതലായവയുടെ സാധ്യത കുറയ്ക്കാന്‍ കഴിയും. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഒരു മുതിർന്നയാൾക്ക് ഒരു ദിവസം വെറും 30 മിനിറ്റ് സൈക്കിൾ ചവിട്ടുന്നതിലൂടെ ഈ രോഗങ്ങളുടെ സാധ്യത 40 ശതമാനം കുറയ്‌ക്കാൻ കഴിയുമെന്നാണ്.

