മഞ്ചേരി: ഇടതുഭരണത്തിൽ തൊഴിൽമേഖല തകർന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് എടുത്താൽ സ്ഥിതി ദയനീയമാണെന്നും അദ്ദേഹം ആരോപിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും മഞ്ചേരിയിൽ ഐഎൻടിയുസി സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനംചെയ്ത് സംസാരിക്കവെ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
യുഡിഎഫ് ഭരണകാലത്ത് കെഎസ്ആർടിസിയിൽ 47,000 തൊഴിലാളികളുണ്ടായിരുന്നെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ഇത് 22,000 ആയി വെട്ടിച്ചുരുക്കി. ഇഷ്ടക്കാരെ മാത്രം തൊഴിലിനു പരിഗണിക്കുകയാണ്. കെഎസ്ഇബിയുടെ നഷ്ടം 45,000 കോടിയിലേക്ക് എത്തിച്ചതാണ് വൈദ്യുതിബോർഡിന്റെ നേട്ടം. സിവിൽ സപ്ലൈസ് വകുപ്പ് അടച്ചുപൂട്ടലിന്റെ വക്കിലാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിനു സാധിക്കുന്നില്ല. ഭക്ഷ്യസാധനങ്ങളില്ല. ബിവറേജസ് കോർപറേഷന്റെ അലമാരമാത്രമാണ് നിറഞ്ഞുനിൽക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
യുഡിഎഫും എൽഡിഎഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് സെമിഫൈനലാണ്. ഫൈനലിലേക്ക് യുഡിഎഫ് കുതിച്ചുകയറുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷനായി. കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ, മലപ്പുറം ജില്ലാ പ്രസിഡന്റ് വി.പി ഫിറോസ്, സംസ്ഥാന ജനറൽസെക്രട്ടറിമാരായ വി.ജെ. ജോസഫ്, പി.ജെ. ജോയ്, മുൻ എംപി സി. ഹരിദാസ്, എൻ.എ. കരീം, തമ്പി കണ്ണാടൻ, ഡോ. എം.പി. പത്മനാഭൻ, എസ്. പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

