പാലക്കാട്: ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദയുടെ ആത്മഹത്യയിൽ അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്. ഉദ്യോഗസ്ഥർ നാളെ സ്കൂളിലെത്തി ക്ലാസിലെ മുഴുവൻ കുട്ടികളുടെയും മൊഴിയെടുക്കും. ആശിര്‍നന്ദയുടെ അടുത്ത സുഹൃത്തക്കളോടും കാര്യം വിശദമായി ചോദിക്കും. ആരോപണ വിധേയരായ അദ്ധ്യാപകരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുക്കാനാണ് തീരുമാനം.
സുഹൃത്തിന്റെ നോട്ട്ബുക്കിന്റെ പുറകിലാണ് ആശിർനന്ദ ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നത്. തന്റെ ജീവിതം അദ്ധ്യാപകർ തകർത്തുവെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. അമ്പിളി, അർച്ചന എന്നീ അദ്ധ്യാപകരുടെ പേര് കുറിപ്പിൽ ഉണ്ടായിരുന്നു. സ്റ്റെല്ല ബാബു എന്ന അദ്ധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിർനന്ദ പറഞ്ഞതായും സഹപാഠി പൊലീസിനെ അറിയിച്ചിട്ടുണ്ട്.
സഹപാഠികൾ ആശിർനന്ദയുടേതെന്ന് പറഞ്ഞ് കൈമാറിയ ആത്മഹത്യാക്കുറിപ്പിലെ കൈപ്പട പരിശോധനയ്ക്കായി അന്വേഷണ സംഘം നാളെ കോടതിയിൽ അപേക്ഷ നൽകിയേക്കും. ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ സ്കൂളിനെതിരെ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയത്. മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ലാസ് മാറ്റി ഇരുത്തിയത് ചട്ടവിരുദ്ധമെന്നും ക്ലാസ് മാറ്റി ഇരുത്തിയ ദിവസം തന്നെ ആശിർനന്ദ ആത്മഹത്യ ചെയ്തുവെന്നുമാണ് ഡിഡിഇ റിപ്പോർട്ടിലുളളത്. പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൂടാതെ പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്നുള്ള കത്ത് കുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് സ്കൂൾ അധികൃതർ നിർബന്ധപൂർവ്വം ഒപ്പിട്ടു വാങ്ങിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ ശിശുസംരക്ഷണ സമിതി സ്കൂള്‍ അധികൃതരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. തച്ചനാട്ടുകര ചോളോടുള്ള കുട്ടിയുടെ വീടും പഠിച്ച സ്കൂളും കമ്മീഷന് ചെയര്മാന് കെ.വി മനോജ്കുമാർ സന്ദര്‍ശിച്ചു.
കുട്ടികള്‍ക്ക് അനുകൂലമായ സാഹചര്യം സ്കൂളില്‍ വളര്‍ത്തിയെടുക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് ആഘാതമില്ലാത്ത രീതിയില്‍ വേണം സ്കൂളിന്റെ തുടര്‍പ്രവര്‍ത്തനമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. തിങ്കളാഴ്ച കുട്ടികള്‍ സ്കൂളിലെത്തുമ്പോള്‍ ആവശ്യമായ ക്ലാസും കൗണ്‍സലിങ്ങും നല്‍കണമെന്നും കമ്മീഷന് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസില്‍ നിന്നുള്ള റിപ്പോര്‍ട്ടും ബാലാവകാശ കമ്മീഷന് തേടിയിട്ടുണ്ട്.
ആശിർനന്ദയുടെ മാതാപിതാക്കൾ, സ്കൂളിലെ സഹപാഠികൾ, അദ്ധ്യാപകർ എന്നിവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം സ്കൂളിൽ പുതുതായി ആരംഭിച്ച പിടിഎ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ചേരും. ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് ആശിര്‍നന്ദയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി തൂങ്ങി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർനന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു. സംഭവത്തെ തുടർന്നുള്ള പ്രതിഷേധത്തിന് പിന്നാലെ ആരോപണവിധേയരായ സ്കൂളിലെ പ്രധാന അധ്യാപിക അടക്കം മൂന്ന് അദ്ധ്യാപകരെ പുറത്താക്കിയതായി സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു. ഇതോടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം താത്ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

