കീവ്: യുക്രൈനെതിരായ ആക്രമണം ശക്തമാക്കി റഷ്യ. യുക്രൈനിൽ ഉടനീളം റഷ്യ കഴിഞ്ഞ രാത്രിയിൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. റഷ്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾക്കും അപ്പുറത്തേക്കും ഇക്കുറി റഷ്യ ആക്രമണം വ്യാപിപ്പിച്ചു. 477 ഡ്രോണുകളും 60 മിസൈലുകളുമാണ് യുക്രൈനിലേക്ക് റഷ്യ തൊടുത്തത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടിയുൾപ്പെടെ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മൂന്നുവർഷമായി തുടരുന്ന യുക്രൈൻ – റഷ്യ യുദ്ധത്തിനിടെ യുക്രൈൻ നേരിട്ട ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ശനിയാഴ്ച രാത്രിയിൽ നടന്നത്. അതേസമയം, റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈന് കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. റഷ്യ ആയച്ച ഡ്രോണുകളിൽ 211 എണ്ണം യുക്രൈൻ വെടിവെച്ചിട്ടു. 225 ഡ്രോണുകൾ ഇലക്‌ട്രോണിക് വാർഫയർ സംവിധാനങ്ങൾ ഉപയോഗിച്ച് യുക്രൈൻ നിർവീര്യമാക്കി.
റഷ്യ അയച്ച മിസൈലുകളിൽ 38 എണ്ണത്തെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് യുക്രൈൻ പ്രതിരോധിച്ചു. ബാക്കിയുള്ളവ യുക്രൈനിനുള്ളിൽ ആക്രമണം നടത്തി. യുക്രൈനുമായി ചർച്ച നടത്താൻ സന്നദ്ധനാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം മാരകമായ ആക്രമണം റഷ്യയുടെ ഭാഗത്തുനിന്നുണ്ടായത്. റഷ്യ-യുക്രൈൻ പ്രതിനിധികൾ തുർക്കിയിലെ ഇസ്താംബുളിൽ വെച്ച് നടത്തിയ രണ്ടുഘട്ട ചർച്ചകളും പുരോഗതിയില്ലാതെ അവസാനിച്ചിരുന്നു.
നിലവിൽ ഇരുരാജ്യങ്ങളും വിലയേറിയ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് പകരം ആധുനിക സാങ്കേതിക വിദ്യകളുപയോഗിക്കുന്ന ഡ്രോണുകൾ ആണ് ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്നത്. ഹൃസ്വദൂര ഡ്രോണുകളും ദീർഘദൂര ഡ്രോണുകളും വ്യാപകമായി ആക്രമണങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു.

