മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തു. നരഹത്യാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കെണിവെച്ച ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചെന്ന സൂചനകളവും പുറത്തുവരുന്നുണ്ട്. ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ ബന്ധു സുരേഷിന്റെ പരാതിയിലാണ് ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മരിച്ച അനന്തുവിന്റെ അച്ഛന്റെ ജ്യേഷ്ഠൻ്റെ മകനാണ് സുരേഷ്. അനന്തുവിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ സുരേഷിനും ഷോക്കേറ്റിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഫെൻസിങിന് കറണ്ട് എടുക്കാൻ വേണ്ടി സ്ഥാപിച്ച കമ്പിയിൽ നിന്നാണ് അനന്തുവിന് വൈദ്യുതാഘാതമേറ്റതെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവർത്തിയെന്നും എഫ്ഐആർ പറയുന്നു. കെഎസ്ഇബി വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് കണക്ഷൻ കൊടുത്തിരുന്ന അനധികൃത ഫെൻസിംഗിൽ നിന്നാണ് വിദ്യാർത്ഥിക്ക് ഷോക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം, വൈദ്യതി മോഷ്ടിച്ചാണ് കെണിയൊരുക്കിയിരുന്നതെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ഗുരുതരമായ ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു. കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുക്കുകയായിരുന്നു എന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. ഇൻസുലേറ്റഡ് വയർ ഉപയോഗിച്ചാണ് വൈദ്യുതി വലിച്ചത്. നടന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും കെഎസ്ഇബി വിശദീകരിച്ചു. കാട്ടുപന്നിയെ കൊല്ലാനായി സ്വകാര്യ ഭൂമിയിലാണ് വൈദ്യുത കെണി സ്ഥാപിച്ചിരുന്നത്.
ഇന്നലെ വൈകിട്ടോടെയായിരുന്നു വഴിക്കടവിൽ പതിനഞ്ചുകാരനായ അനന്തു ഷോക്കേറ്റ് മരിച്ചത്. സുഹൃത്തുക്കളായ അഞ്ച് പേർക്കൊപ്പം വഴിക്കടവിലെ തോട്ടിൽ മീൻപിടിക്കാൻ പോയതായിരുന്നു അനന്തു. വല വീശുന്നതിനിടെ വെള്ളത്തിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. സ്വകാര്യ ഭൂമിയിൽ പന്നിയെ പിടികൂടാൻവെച്ച കെണിയായിരുന്നു അനന്തുവിന്റെ ജീവനെടുത്തത്. അനന്തുവിനൊപ്പം ഉണ്ടായിരുന്ന യദുകൃഷ്ണൻ (23), ഷാനു വിജയ് (17) എന്നിവർക്ക് ഷോക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. വിദ്യാർത്ഥിയുടെ മരണം സർക്കാർ സ്പോൺസർ ചെയ്തതാണെന്നായിരുന്നു നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്നും ആര്യാടൻ ഷൗക്കത്ത് ആരോപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും യൂത്ത് കോൺഗ്രസും യുഡിവൈഎഫും അടക്കം രംഗത്തെത്തിയിരുന്നു. റോഡ് ഉപരോധിച്ചായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. സംഭവ സ്ഥലത്തേയ്ക്ക് എത്തിയ സിപിഎം നേതാവ് എ വിജയരാഘവന്റെ വാഹനം യുഡിവൈഎഫ് നേതാക്കൾ തടഞ്ഞു. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയരാഘവനെ തടഞ്ഞത്. കോൺഗ്രസ് കാണിക്കുന്നത് നിലവാരമില്ലാത്ത രാഷ്ട്രീയമെന്നായിരുന്നു ഇതിനോട് വിജയരാഘവൻ പ്രതികരിച്ചത്. അപകടത്തെ രാഷ്ട്രീയമായി കാണുന്നത് രാഷ്ട്രീയപാപ്പരത്വമാണ്. രാഷ്രീയ മുതലെടുപ്പിന് വേണ്ടി നിലവാരം കുറഞ്ഞ നിലപാടുകൾ സ്വീകരിക്കുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.

