തിരുവനന്തപുരം: ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്ന കാര്യത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്. ഇതിനായി അർജൻ്റീനിയൻ ഫുഡ്ബോൾ മാനേജ്മെൻ്റുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ഒരു ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കില്ല. സ്പോണ്‍സര്‍മാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു. തിങ്കളാഴ്ചയോടെ വിശദാംശങ്ങള്‍ അറിയാമെന്നും വി.അബ്ദുറഹിമാന് വിശദീകരിച്ചു. അടുത്ത ആഴ്ചയോട് കൂടി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും അറിയിപ്പുകളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
‘അർജൻ്റീന ടീം മാനേജ്മെന്റ് കേരളത്തിലെത്തിയ ശേഷം സംയുക്ത വാർത്താസമ്മേളനം നടത്തും. ഇതാണ് കരാർ വ്യവസ്ഥ. അതിന് വേണ്ടിയാണ് ഇപ്പോൾ കാത്തു നിൽക്കുന്നത്’ മെസി വരുന്നതിനുളള ഒരുക്കങ്ങൾ പൂർത്തികരിക്കുന്നതിലാണ് സർക്കാർ ശ്രദ്ധയെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ അർജൻറീന ടീമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്റ്റേഡിയം അടക്കം അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്നും അതിന് ബുദ്ധിമുട്ടില്ലെന്നും മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി.. കൊച്ചിയും തിരുവന്തപുരവുമാണ് നിലവിൽ പരിഗണനയിലുള്ളതെന്നും അതിൽ തിരുവനന്തപുരം സ്റ്റേഡിയത്തിൻ്റെ പരിശോധന പൂർത്തിയായിട്ടുണ്ടെന്നും, കൊച്ചി ജിസിഡിഎയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എതിരാളിയായി സൗദി അടക്കം അഞ്ചു ടീമുകള്‍ പരിഗണനയിലുണ്ട്. ബെംഗളുരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയടക്കം എല്ലാ ക്രമീകരണങ്ങളും സര്‍ക്കാർ വേണ്ടവിധത്തിൽ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഒക്ടോബറിൽ തന്നെ കേരളത്തിൽ എത്തിക്കാനാണ് ശ്രമം എന്നും വി അബ്ദുറഹിമാന് കൂട്ടിചേർത്തു.
മെസ്സിയും അർജന്റീനയും കേരളത്തിലേക്കെന്ന പുതിയ പ്രഖ്യാപനത്തിലും അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി എത്തിയത്. മെസ്സിയും സംഘവും എപ്പോൾ എത്തും, എവിടെ വെച്ചായിരിക്കും മത്സരം തുടങ്ങിയ കാര്യങ്ങളൊന്നും പറയാതെയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഭാഗത്തുനിന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
സ്പോൺസർമാർ തുക നൽകാത്തതിനാൽ അർജന്റീന ടീം എത്തില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏകദേശം 128 കോടി രൂപയാണ് അർജന്റീന ടീമിന് നൽകേണ്ടി വരിക. ഇതിൽ 77 കോടി രൂപ അഡ്വാൻസായി നൽകണം. ഇതിൽ സ്പോൺസർമാർ വീഴ്ച വരുത്തി എന്നായിരുന്നു വിവരം. കഴിഞ്ഞ ഏപ്രിലിലും മെസ്സിയും അർജന്റീനയും കേരളത്തിലെക്ക് എത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനകം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

