ലിക്വിഡ് ഓക്സിജന്‍ ചോര്‍ച്ച: ആക്സിയം ദൗത്യം വീണ്ടും മാറ്റിവെച്ചു

0

ന്യൂയോര്‍ക്ക്: സാങ്കേതിക തകരാര്‍മൂലം ആക്സിയം ദൗത്യം വീണ്ടും മാറ്റിവച്ചു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടെ ഉള്ളവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കാനുള്ള ദൗത്യമാണ് മാറ്റിവച്ചത്. ആദ്യം മെയ് 29 നായിരുന്നു ആക്സിയം ദൗത്യം നിശ്ചയിച്ചിരുന്നത്. പിന്നീടത് ജൂണ്‍ 10 ലേക്ക് മാറ്റി. വീണ്ടും മാറ്റി ജൂണ്‍ 11 ആക്കി നിശ്ചയിച്ചു. എന്നാല്‍ ഇന്ന് വീണ്ടും വിക്ഷേപണം മാറ്റിവെയ്‌ക്കേണ്ടി വന്നിരിക്കുകയാണ്.

പേടകം വിക്ഷേപിക്കുന്ന ഫാല്‍ക്കണ്‍-9 റോക്കറ്റിലെ ലിക്വിഡ് ഓക്സിജന്‍ ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവച്ചത്. കാലാവസ്ഥ അനുകൂലമാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു ആദ്യം ദൗത്യം മാറ്റിവെച്ചതെങ്കില്‍ ഇത്തവണ ഗുരുതരമായ സാങ്കേതിക പ്രശ്നമാണ് ശ്രദ്ധയില്‍ പെട്ടത്.

രണ്ട് ദിവസം മുമ്പ് റോക്കറ്റിലെ ദ്രവീകൃത ഓക്സിജന്റെ ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടിരുന്നു. പക്ഷെ അത് പരിഹരിച്ചു. എന്നാല്‍ വിക്ഷേപണത്തിന് മുമ്പുള്ള പരിശോധനയില്‍ വീണ്ടും ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവച്ചത്. ചോര്‍ച്ചയുടെ കാരണം വ്യക്തമല്ലാത്തതിനാല്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നുമാണ് സ്പേസ് എക്സ് പറയുന്നത്. ജൂണ്‍ 30 വരെയാണ് ആക്സിയം ദൗത്യം വിക്ഷേപിക്കാനുള്ള സമയം. ദൗത്യം മാറ്റിവെച്ചതോടെ ശുഭാംശു ശുക്ല ഉള്‍പ്പെടെ ഉള്ളവര്‍ ക്വാറന്റൈനില്‍ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here