‘പിണറായി മഴുവെറിഞ്ഞ് നിർമ്മിച്ചതല്ല കേരളമെന്ന് സാബു എം ജേക്കബ്; സർക്കാർ കിറ്റക്സ് പോര് രൂക്ഷം

0

സർക്കാർ- കിറ്റെക്സ് പോര് തുടരുന്നു. മന്ത്രി പി രാജീവിനും പി വി ശ്രീനിജിൻ എംഎൽഎക്കും മറുപടിയുമായി കിറ്റക്സ് എംഡി സാബു എം ജേക്കബ് രംഗത്തെത്തി. പിണറായി മഴുവെറിഞ്ഞ് നിർമ്മിച്ചതല്ല കേരളമെന്നും, തനിക്കുള്ള അവകാശമേ ഇവിടെ മന്ത്രി പി രാജീവിനും ഉള്ളൂവെന്ന് സാബു എം ജേക്കബ് ട്വന്റിഫോറിനോട് പറഞ്ഞു. പത്ത് വർഷം മുമ്പേ താൻ കേരളം വിടേണ്ടിയിരുന്നെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.

നിക്ഷേപത്തിനായി ആന്ധ്രപ്രദേശ് ടെക്സ്റ്റൈൽസ് മന്ത്രി കിഴക്കമ്പലത്തെ കിറ്റക്സ് ഓഫീസിൽ സന്ദർശനം നടത്തിയതിനുശേഷം ഉള്ള പ്രതികരണത്തിലായിരുന്നു സാബു എം ജേക്കബ് എംഎൽഎയ്ക്കെതിരെയും സർക്കാരിനെതിരെയും തുറന്നടിച്ചത് . തെലങ്കാനയിലെ കിറ്റക്സ് സംരംഭങ്ങൾ കണ്ട് ആകൃഷ്ടമായാണ് ആന്ധ്രപ്രദേശ് സർക്കാർ സാബു എം ജേക്കബിനെ തേടിയെത്തിയത്. കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാൻ ആരുടെയും ബ്ലെസ്സിംഗ് ആവശ്യമില്ലെന്നും വിദേശനിക്ഷേപത്തിൽ മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി ഒന്നാമതെത്തിയ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പി രാജീവ് മറുപടി നൽകി.

സാബു എം ജേക്കബിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനവുമായി കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ രംഗത്തെത്തി. കിഴക്കമ്പലം ആരുടെയും പിതൃസ്വത്ത് അല്ലെന്നായിരുന്നു പോസ്റ്റ് . പിന്നാലെ എം.എൽ എയ്ക്ക് മറുപടിയുമായി സാബു എം ജേക്കബും രംഗത്തെത്തി. പിണറായി മഴുവെറിഞ്ഞു നിർമിച്ചതല്ല കേരളമെന്നും തനിക്കുള്ള അവകാശമേ ഇവിടെ മന്ത്രി പി രാജീവിനുള്ളൂവെന്നും സാബു എം ജേക്കബ് 24 നോട് പറഞ്ഞു. കേരളം വ്യവസായ സൗഹൃദമല്ലെന്ന് നേരത്തെയും കിറ്റക്സ്‌ എം.ഡി. വിമർശിച്ചിരുന്നു. നീണ്ട ഇടവേളക്കുശേഷമാണ് സർക്കാർ കിറ്റക്സ് പോര് രൂക്ഷമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here