മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാർ. മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദഹം വാഹന അപകടത്തിൽ പരിക്കേറ്റ് ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ജഗതിയുടെ തമാശകൾ ഇന്നും മലയാളികളുടെ മനസ്സിൽ ഒരു പടി മുന്നിൽ തന്നെയാണ്. ഷോട്ടിനിടെ ചില ഡയലോഗുകളോ മാനറിസങ്ങളോ കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതിയുടെ ശൈലിയെക്കുറിച്ച് ഇപ്പോൾ നടനും സംവിധായകനുമായ ലാൽ നടത്തിയ പരാമർശം ചർച്ചയാകുകയാണ്.
സംവിധായകനോട് മുൻകൂട്ടി പറയാതെ ഷോട്ടിൽ കയ്യിൽ നിന്നിട്ട് ചെയ്യുന്നത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണെന്ന് ലാൽ പറയുന്നു. അതൊരു കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല എന്നുമായിരുന്നു ലാലിന്റെ അഭിപ്രായം.
ലാലിന്റെ വാക്കുകൾ;
‘‘അമ്പിളിച്ചേട്ടനെപറ്റി പറയുമ്പോൾ ഏറ്റവും കൂടുതൽ പറയുന്ന ഒരു കാര്യമാണ്, പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗ് പറയും, ചില ചലനങ്ങൾ ഇടും. അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തു കഴിഞ്ഞാൽ സംവിധായകൻ നിർബന്ധമായും പറയണം, ഒന്നുകിൽ അതു പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്നു പറയണം അല്ലെങ്കിൽ നന്നായിരുന്നു, അതുകൊണ്ട് ഓക്കെ എന്നു പറയണം. അതല്ലെങ്കിൽ അതു വേണ്ട എന്നു പറഞ്ഞ് മാറ്റണം. അതല്ലാതെ അതൊരു കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല. അത് ഏതു വലിയ നടനാണെങ്കിലും. അത് ആ സീനിനെ ബാധിക്കുമോ എന്നുള്ളതിനേക്കാൾ ഉപരിയായി കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ ഉണ്ട്. നമ്മൾ ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചാണ് പോയിരിക്കുന്നത്. ഇയാൾ പറഞ്ഞു നിർത്തുന്ന ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്, ആ വാക്ക് ബന്ധപ്പെട്ടായിരിക്കും ചിലപ്പോൾ ഞാൻ ഡയലോഗ് പറയേണ്ടത്. ആ കണക്ഷൻ നഷ്ടപ്പെട്ടു കഴിഞ്ഞാൽ നമുക്കത് പറയാൻ ബുദ്ധിമുട്ട് വരും”. കേരള ക്രൈം ഫയല്സ്’വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സൈന പ്ലസിനു നൽകിയ അഭിമുഖത്തിലാണ് ലാലിൻറെ വിമർശനം. ലാലിനെ അനുകൂലിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും നിരവധി പേർ രംഗത്തെത്തി.
ജഗതി ശ്രീകുമാർ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന പുതിയ സിനിമയാണ് ‘വല’. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ സിനിമയാണ്, കൂടാതെ സോംബി അധിഷ്ഠിത സിനിമയുമാണ്. ഈ ചിത്രത്തിന്റെ പ്രമൊ വിഡിയോ കഴിഞ്ഞ മാസം ഇറങ്ങിയിരുന്നു.

