ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയാണ്’; ട്രംപ്

0

ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതിലും ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിച്ചതിലും അഭിമാനമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിക്കുന്നതിനുമുമ്പ് ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും ശേഷികളും നശിപ്പിക്കാൻ കഴിഞ്ഞത് തനിക്ക് മഹത്തായ ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഇറാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ഒരുപോലെ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ഒരു പോസ്റ്റിൽ കുറിച്ചിരുന്നു.

അതിനിടെ ഇറാന്റെ ആണവ പദ്ധതികൾ തകർത്തതായി അമേരിക്ക ഐക്യ രാഷ്ട്രസഭാ സുരക്ഷ കൗൺസിലിനെ അറിയിച്ചു. സൈനിക നടപടിയെ ന്യായീകരിച്ച അമേരിക്ക സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നും വിശദീകരിച്ചു. വെടിനിർത്തൽ കരാർ പ്രാബല്യത്തിലായതോടെ പശ്ചിമമേഷ്യയിലെ സ്ഥിതി സാധാരണ നിലയിലേക്കെത്തി. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല.

ഇറാനെതിരെ ഇസ്രയേൽ നേടിയത് ചരിത്രജയമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം.ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പം നിന്ന അമേരിക്കയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ പിന്തുണച്ച് ടെഹ്റാനിൽ പ്രകടനങ്ങൾ നടന്നു.

അതേസമയം ഇറാൻ- ഇസ്രായേൽ വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെ ഓപ്പറേഷൻ സിന്ധു ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു ഇന്ത്യ. ഇറാനിലെ മഷാദിൽ കോൺടാക്ട് രജിസ്ട്രഷനും നിർത്തലാക്കി. എന്നാൽ എന്ത് ആവശ്യങ്ങൾക്കും എംബസിയുടെ ടെലിഗ്രാം ചാനൽ വഴി ബന്ധപെടാമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവിൽ ഇരു രാജ്യങ്ങളിൽ നിന്നുമായി 3170 പേരെയാണ് ഇന്ത്യ ഒഴിപ്പിച്ചത്. ഇതിൽ ശ്രീലങ്കൻ, നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നു.

അതേസമയം ട്രംപ് ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേൽ തങ്ങളെ ആക്രമിച്ചുവെന്ന് ഇറാനും ഇറാൻ തങ്ങളെ ആക്രമിച്ചുവെന്ന് ഇസ്രയേലും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ട്രംപ് മാധ്യമങ്ങൾക്ക് മുമ്പിൽ തെറിവിളിച്ച് പൊട്ടിത്തെറിച്ചു. ഇതിൻറെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. രണ്ടുരാജ്യങ്ങൾ കാലങ്ങളായി പോരടിക്കുകയാണ്. അവരെന്താണ് ചെയ്യുന്നതെന്ന് അവർക്കുതന്നെ അറിയില്ലെന്ന് പറഞ്ഞ ട്രംപ് മാധ്യമങ്ങൾക്കുമുന്നിൽ അസഭ്യവാക്കുകളും പ്രയോഗിച്ചു. നേരത്തെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കൂടി ഇസ്രയേലിനെതിരേ ട്രംപ് രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here