സംഘര്‍ഷം ശക്തമാകുന്നു: ഇസ്രയേല്‍ ആശുപത്രി തകര്‍ത്ത് ഇറാന്റെ മിസൈലാക്രമണം; ഇറാന്റെ ആണവ റിയാക്ടര്‍ തകര്‍ത്ത് ഇസ്രയേലും

0

ടെഹ്റാന്‍/ടെല്‍ അവീവ്: ഇസ്രയേലില്‍ ഇറാന്റെ വന്‍ മിസൈല്‍ ആക്രമണം.  ഇസ്രയേലിലെ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി ആക്രമണത്തില്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കി. സംഭവത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. നാലുപേരുടെ നില ഗുരുതരമാണെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദക്ഷിണ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയാണ് തകര്‍ക്കപ്പെട്ട ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി. തകര്‍ന്ന ആശുപത്രിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറുവശത്ത് ഇറാന്റെ അരാക്കിലെ ഘനജല ആണവ റിയാക്ടര്‍ ഇസ്രയേലും തകര്‍ത്തിട്ടുണ്ട്. ആക്രമണത്തിന് മുമ്പ് ഇറാന്‍ അരാക്കിലെ കേന്ദ്രം ഒഴിപ്പിച്ചിരുന്നു. റേഡിയേഷന്‍ അപകടമൊന്നുമില്ലെന്ന് ബോംബാക്രമണത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ സ്റ്റേറ്റ് ടിവി പറഞ്ഞു.

സൊറോക്ക ആശുപത്രിക്കുനേരെ വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആശുപത്രിക്ക് കനത്ത കേടുപാടും വ്യാപക നാശനഷ്ടങ്ങളും സംഭവിച്ചതായി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. വ്യാഴാഴ്ച മാത്രം ഏതാണ്ട് ഇരുപതോളം മിസൈലുകള്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി വന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഇസ്രയേലിന്റെ പലഭാഗങ്ങളിലും സൈറണുകള്‍ മുഴങ്ങി. കേടുപാടുകള്‍ സംഭവിച്ച വാര്‍ഡുകളില്‍ നിന്ന് അപകടകരമായ വസ്തുക്കള്‍ ചോരാനുള്ള സാധ്യത കാരണം ആശുപത്രിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇസ്രായേല്‍ പൊലീസ് ആളുകളോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here