നാടുകടത്തുന്നതിന് മുന്‍പ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യുഎസില്‍ അതിക്രൂര പീഡനം

0

ന്യൂയോര്‍ക്ക്: ന്യൂജഴ്‌സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് അതിക്രൂര പീഡനം നേരിടേണ്ടി വന്നതായി ആരോപണം. നാടുകടത്തുന്നതിന് മുന്‍പാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.  ഇന്ത്യന്‍-അമേരിക്കന്‍ സംരഭകന്‍ കുനാല്‍ ജെയ്‌നാണ് ആരോപണം ഉന്നയിച്ചത്. തറയില്‍ മുഖം അമര്‍ത്തിപ്പിടിച്ച് യുവാവിനെ വിലങ്ങണിയിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും കുനാല്‍ ജെയ്ന്‍ എക്‌സില്‍ പങ്കുവച്ചു.

”നെവാര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് നാടുകടത്തപ്പെട്ട ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടു. കയ്യില്‍ വിലങ്ങുണ്ടായിരുന്നു. അവന്‍ കരയുകയായിരുന്നു, ക്രിമിനലിനെപ്പോലെയായിരുന്നു അവനെ പരിഗണിച്ചത്. സ്വപ്നങ്ങളെ പിന്തുടര്‍ന്നാണ് അവനെത്തിയത്. അല്ലാതെ ആരെയും ഉപദ്രവിക്കാനല്ല. ഒരു എന്‍ആര്‍ഐ എന്ന നിലയില്‍ ഹൃദയം തകര്‍ന്നു. ഇതു മനുഷ്യദുരന്തമാണ്” ജെയിന്‍ എക്‌സില്‍ കുറിച്ചു.

വിഷയം അന്വേഷിക്കാനും വിദ്യാര്‍ഥിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും യുഎസിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് ജെയിന്‍ ആവശ്യപ്പെടുകയും ചെയ്തു. സമീപത്തായി 50 ഓളം പേരുണ്ടായിരുന്നു. എന്തെങ്കിലും പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. ഹിന്ദി മനസ്സിലാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടായിരുന്നു. വിദ്യാര്‍ഥി സംസാരിച്ചിരുന്നത് ഹരിയാനവി ഭാഷയിലായിരുന്നു. വിദ്യാര്‍ഥി പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ സഹായിക്കാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അവര്‍ എന്നെ അതിന് അനുവദിച്ചില്ല. കൂടുതല്‍ പൊലീസുകാരെ വിളിക്കുകയാണ് അവര്‍ ചെയ്തത്. വിദ്യാര്‍ഥിയെ വിമാനത്തിലും കയറ്റിയില്ലെന്ന് കുനാല്‍ ജെയിന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

വിഷയത്തില്‍ ഇന്ത്യന്‍ എംബസി പ്രതികരിച്ചിരുന്നു. യുഎസിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും എംബസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here