കാസർഗോഡ്: കാസർഗോഡ് കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് യാത്രക്കാരൻ്റെ ക്രൂര മർദ്ദനം. കണ്ടക്ടർ അനൂപിനാണ് മർദ്ദനമേറ്റത്. കാസർഗോഡ് മേൽപ്പറമ്പിൽ വച്ചാണ് സംഭവം നടന്നത്. ടിക്കറ്റ് ചാർജ് ചോദിച്ചതിനാണ് യാത്രക്കാരൻ ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് പിന്നാലെ ഇയാളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇയാൾ കണ്ടക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അതേസമയം ഇയാൾ യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയായിരുന്നുവെന്ന് കണ്ടക്ടർ പറഞ്ഞു. കണ്ടക്ടർ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

