ടെഹ്‌റാൻ: തങ്ങളുടെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനുള്ള തിരിച്ചടി തുടരുമെന്ന് ഇറാൻ. ഖത്തറിലെ അമേരിക്കൻ വ്യോമതാവളം ആക്രമിച്ചതിന് പിന്നാലെയാണ് ആക്രമണം തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയത്. ഇന്നലെ രാത്രിയിലാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിന് നേരേ ഇറാൻ മിസൈലാക്രമണം നടത്തിയത്. ഞായറാഴ്ച രാവിലെ ഇറാനിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണ് ഇറാൻ അൽ ഉദൈദ് എയർ ബേസ് ആക്രമിച്ചത്.
ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിനുള്ള തിരിച്ചടി തുടരുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ആക്രമണം വിജയമാണെന്നും ഇറാൻ അവകാശപ്പെട്ടു. തങ്ങളുടെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച അമേരിക്കയെ ശിക്ഷിച്ച ശേഷം നയതന്ത്ര ചർച്ച ആരംഭിക്കാമെന്നാണ് ഇറാന്റെ നിലപാട്. അമേരിക്ക ചർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ അമേരിക്കയും ഇസ്രയേലും ആദ്യം ആക്രമണം അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
ദോഹയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസ്. അൽ ഉദൈദ് എയർ ബേസ് മേഖലയിലെ യുഎസ് സെൻട്രൽ കമാൻഡ് ആസ്ഥാനം കൂടിയാണ്. ഇവിടെ പതിനായിരത്തോളം അമേരിക്കൻ സൈനികരുണ്ട്. ഖത്തർ എയർവേയ്സിന്റെ ആസ്ഥാനവും ഇവിടെയാണ്. വ്യോമതാവളങ്ങളിലെ സൈനികരോട് ബങ്കറിലേക്ക് മാറാൻ നേരത്തേ നിർദേശമുണ്ടായിരുന്നു.
അതേസമയം, ഇറാന്റെ തിരിച്ചടി വളരെ ദുർബലമായിരുന്നു എന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം. ഇറാൻ നടത്തിയ ആക്രമണത്തെ വളരെ ഫലപ്രദമായി നേരിടാനായെന്നും യാതൊരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നും ട്രംപ് സമൂഹമാധ്യത്തിൽ കുറിച്ചു. ഇറാൻ സമാധാനത്തിലേക്ക് പോകണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാത്രിയിലാണ് ഖത്തറിലുള്ള അമേരിക്കയുടെ വ്യോമതാവളമായ അൽ ഉദൈദിന് നേരേ ഇറാൻ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു അമേരിക്കക്കാരനും ഒരു ഖത്തരി പൗരനും പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ ആക്രമണം പ്രതീക്ഷിച്ചിരുന്നെന്നും ആക്രമണത്തെക്കുറിച്ച് ഇറാൻ നേരത്തേ വിവരം നൽകിയിരുന്നെന്നും ട്രംപ് പറഞ്ഞു.
14 മിസൈലുകളാണ് ഇറാൻ അമേരിക്കൻ വ്യോമതാവളം ലക്ഷ്യമാക്കി തൊടുത്തുവിട്ടത്. അതിൽ 13 എണ്ണവും വെടിവെച്ചിട്ടു. ഒരെണ്ണം ഭീഷണിയില്ലാത്ത ദിശയിലേക്കാണ് പോയതെന്നും ട്രംപ് പറഞ്ഞു. ഇതിനൊപ്പം മേഖലയിലെ സമാധനശ്രമങ്ങളെക്കുറിച്ചും ട്രംപ് പരാമർശിച്ചു. ഇനി ഒരു വിദ്വേഷവും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. നേരത്തെ അറിയിപ്പ് നൽകിയതിന് ഇറാനോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ, ഇറാന് ഇപ്പോൾ സമാധാനത്തിലേക്കും ഐക്യത്തിലേക്കും പോകാനാകും. ഇസ്രയേലിനെയും അതേകാര്യം ചെയ്യാനായി താൻ പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
അൽ ഉദൈദ് വ്യോമതാവളത്തിന് നേരേ ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ ഒരെണ്ണം ഒഴികെ എല്ലാം പ്രതിരോധിക്കാനായെന്ന് ഖത്തർ അധികൃതരും വ്യക്തമാക്കി. ഒരു മിസൈൽ മാത്രമാണ് പ്രദേശത്ത് പതിച്ചതെന്ന് ഖത്തർ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഷെയ്ഖ് ബിൻ മിസ്ഫിർ അൽ ഹാജിരി പറഞ്ഞു. എന്നാൽ ഇതുകാരണം അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശികസമയം തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഇറാൻ ഏഴുമിസൈലുകൾ വ്യോമതാവളത്തിന് നേരേ തൊടുത്തുവിട്ടത്. എന്നാൽ, ഖത്തറിന്റെ അതിർത്തിയിൽ പ്രവേശിക്കുംമുൻപേ കടലിന് മുകളിൽവെച്ച് തന്നെ ഇവയെല്ലാം വെടിവെച്ചിട്ടു. ഇതിനുപിന്നാലെ 12 മിസൈലുകൾ വ്യോമതാവളം ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ടു. ഇതിൽ 11 എണ്ണവും വെടിവെച്ചിട്ടു. ഒരു മിസൈൽ മാത്രമാണ് അൽ ഉദൈദ് വ്യോമതാവളത്തിൽ പതിച്ചതെന്നും അൽ ഹാജിരി പറഞ്ഞു. ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ദൈവാനുഗ്രഹത്താൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഒരു മിസൈൽ ഒഴികെ എല്ലാം പ്രതിരോധിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് താവളങ്ങളുള്ള മേഖലകൾ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണിക്ക് പിന്നാലെ രാജ്യത്തിന്റെ സായുധസേനകൾ സജീവമായി ഇടപെട്ടെന്നും വ്യോമാതിർത്തിയും സാമ്പത്തികമേഖലകളും ഉൾപ്പെടെ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ അടച്ചിട്ടിരുന്ന ഖത്തറിന്റെ വ്യോമപാത തുറന്നു. ഇന്ത്യൻസമയം ചൊവ്വാഴ്ച പുലർച്ചെ 2.45 ഓടെയാണ് ഖത്തർ വ്യോമപാത തുറന്നതായി സിഎൻഎൻ അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഖത്തറിന് പുറമേ കുവൈത്തും ബഹ്‌റൈനും തങ്ങളുടെ വ്യോമപാതകൾ തുറന്നതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും സാധാരണനിലയിലായി.
അതേസമയം, ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരേ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയും പ്രതികരണവുമായി രംഗത്തെത്തി. ഇറാൻ ആരെയും ആക്രമിച്ചിട്ടില്ലെന്നും എന്നാൽ ഒരുസാഹചര്യത്തിലും ആരിൽനിന്നുള്ള ആക്രമണവും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും ആക്രമണത്തിന് മുന്നിൽ കീഴടങ്ങില്ലെന്നും ഇതാണ് ഇറാനിയൻ ജനതയുടെ യുക്തിയെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് ഖത്തറിലെയും ഇറാഖിലെയും വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈലാക്രമണം നടത്തിയത്. ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ദോഹയിൽ സ്ഫോടനശബ്ദം കേട്ടതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതേസമയം, അൽ ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകൾ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലർത്തുന്നുണ്ടെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും ഖത്തർ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ അതിർത്തിയും വ്യോമപാതയും സുരക്ഷിതമാണെന്നും ഖത്തർ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഏതുഭീഷണി നേരിടാനും ഖത്തറിന്റെ സായുധസേനകൾ സജ്ജമാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു.

