കൊച്ചി: വയലാട്ട് ഓട്ടോമൊബൈൽസിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവുമായി യുവാവ്. മഹീന്ദ്രയുടെ പുതിയ വാഹനം ബിഇ 6 ഡെലിവറി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
വീഡിയോയിൽ വയലാട്ട് ജീവനക്കാർ ഉപഭോക്താവിനോട് അശ്ലീല ആംഗ്യം കാണിക്കുന്നതും അസഭ്യം പറയുന്നതും വ്യക്തമായി കാണാനും കേൾക്കാനും സാധിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്.
https://www.facebook.com/share/v/1GNe8xUkK7/
വയലാട്ട് ഓട്ടോമൊബൈൽസിന്റെ മരട് ഷോറൂമിലാണ് സംഭവം നടന്നത്. അടുത്തിടെ പുറത്തിറക്കിയ ഇ വി കാറിന്റെ ഡെലിവറി സമയത്ത് കർട്ടൻ ഉപയോഗിക്കാത്തതാണ് തർക്കത്തിന്റെ കാരണം.
കർട്ടൻ മഴ നനഞ്ഞെന്നും അതുപയോഗിച്ചാൽ വാഹനത്തിൽ പോറൽ വീഴുമെന്നും കസ്റ്റമറിനോട് പറഞ്ഞെന്നാണ് വയലാട്ട് ജീവനക്കാർ പറയുന്നത്.
എന്നാൽ ബന്ധുക്കളും സുഹൃത്തുക്കളുമായി കാർ എടുക്കാൻ എത്തിയ യുവാവ് കർട്ടൻ വേണമെന്ന് കട്ടായം പറയുകയായിരുന്നു. എന്നാൽ വാഹനത്തിൽ പോറലേൽക്കുമെന്ന നിലപാടിൽ തന്നെ ജീവനക്കാർ ഉറച്ചു നിന്നു.
തർക്കത്തിനിടെ വാഹനം എടുക്കാനെത്തിയ യുവാവ്, വയലാട്ട് മോട്ടോഴ്സ് ജീവനക്കാരന്റെ അച്ഛനെ കൂട്ടി അസഭ്യം പറഞ്ഞെന്നാണ് വയലാട്ട് അധികൃതർ പറഞ്ഞത്. എന്നാൽ വയലാട്ട് ഓട്ടോമൊബൈൽസ് ജീവനക്കാരൻ ഷർട്ട് ഉയർത്തി കാട്ടുന്നതും അമ്മയെ ചേർത്ത് അസഭ്യം പറയുന്നതും ദൃശ്യത്തിൽ വ്യക്തമായി കേൾക്കാവുന്നതാണ്.
ആശിച്ചു മോഹിച്ചാണ് കാൽ കോടി രൂപ വില വരുന്ന വാഹനം ഈ യുവാവ് വാങ്ങിയത്. ഇതിന്റെ സന്തോഷം കുടുംബത്തോടൊപ്പം പങ്കുവെക്കാനെത്തിയപ്പോഴായിരുന്നു ഇയാൾക്ക് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത്.
വയലാട്ട് ജീവനക്കാർ പറയുന്നതുപോലെ അല്ല യുവാവ് വീഡിയോയിൽ പറയുന്നത്. യുവാവിന് ലഭിച്ചത് നിറയെ പോറലുകളുള്ള വാഹനമായിരുന്നെന്നും ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നും യുവാവ് പറയുന്നു.
ഇത് സാധൂകരിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങളും യുവാവ് പങ്കുവെച്ചിട്ടുണ്ട്. പോറലിന്റെ കാര്യം ജീവനക്കാരോട് പറഞ്ഞപ്പോൾ വേണമെങ്കിൽ വാഹനം കൊണ്ടു പൊയാൽ മതി എന്ന രീതിയിലാണ് ജീവനക്കാർ പെരുമാറിയതെന്നും വീഡിയോയിൽ പറയുന്നു.
ഇതിന്റെ വീഡിയോ പുറത്തു വന്നതോടെ വയലാട്ട് മോട്ടോഴ്സിനെതിരെ വ്യാപക വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത് വാഹന നിർമ്മാതാക്കളെ പോലും നാണം കെടുത്തുന്ന രീതിയിലുള്ള പെരുമാറ്റമാണെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.
ഇവരുടെ ഡീലർഷിപ്പ് ക്യാൻസൽ ചെയ്യണമെന്നും ഇവർക്കെതിരെ കേസ് എടുക്കണമെന്നും മറ്റൊരു കൂട്ടർ പറയുന്നു. കസ്റ്റമർ എന്തൊക്കെ പ്രകോപനം ഉണ്ടാക്കിയാലും ഇത്തരത്തിൽ പ്രതികരിക്കരുതായിരുന്നു എന്നാണ് നെറ്റിസൺസ് പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് വയലാട്ട് ഓട്ടോമൊബൈൽസ് ജീവനക്കാരുമായി മീഡിയ മലയാളം പ്രതിനിധി സംസാരിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നതെത്തും അതിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും അവർ പറഞ്ഞു.
എന്നാൽ തർക്കം നടന്നു എന്ന് സമ്മതിക്കുകയും ചെയ്തു. ഇവിടെ നടന്നതെല്ലാം സിസിടിവിയിൽ ഉണ്ട്. അത് ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും അവർ പറഞ്ഞു.
ജീവനക്കാർ ആരും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയിട്ടില്ല. പകർത്തിയത് കസ്റ്റമറാണ്. യുവാവ് പറഞ്ഞതെല്ലാം ഏറെ നേരം കേട്ടുനിന്നെന്നും. ജീവനക്കാരന്റെ പിതാവിനെ ചേർത്ത് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു.
വാഹനം ഷോറൂമിൽ നിന്നും ഇറക്കുന്നതിനു മുമ്പ് കർട്ടൻ ഇട്ട ശേഷം അത് മാറ്റിയാണ് വാഹനം ഡെലിവറി നൽകുന്നത്. ഇതോടൊപ്പം പ്രതീകാത്മകമായി വലിയൊരു താക്കോലും കൈമാറാറുണ്ട്. ഏത് വാഹനം വാങ്ങിയാലും മലയാളിക്ക് ഇതൊരു ആചാരം പോലെയാണ്.
വാഹനം ഏറ്റു വാങ്ങുന്നതിനായി മിക്ക ആളുകളും കുടുംബത്തോടൊപ്പം ആണ് വരാറുള്ളത്. ഇതിന്റെ ഫോട്ടോയും വീഡിയോയുമെല്ലാം ഡീലർമാരും ഉപഭോക്താവുമെല്ലാം സന്തോഷത്തോടെ പങ്കുവെക്കാറുമുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം കേട്ടുകേൾവി ഇല്ലാത്തതാണെന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്.

