പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ഗുരുതരചികിത്സാ പിഴവ് എന്ന് ആരോപണം. ഒരു വയസുകാരന് 72 കാരന്റെ മരുന്ന് മാറി നൽകിയെന്ന് കുടുംബത്തിന്റെ പരാതി. നെല്ലിപ്പതി സ്വദേശി സ്നേഹ – അരുൺ ദമ്പതികളുടെ ഒരു വയസുള്ള ആൺകുട്ടിക്കാണ് അട്ടപ്പാടി കോട്ടത്തറ ജനറൽ ആശുപത്രിയിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന് ജില്ലാ മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയത്.
കഴിഞ്ഞദിവസമാണ് നെല്ലിപ്പതി സ്വദേശികളായ സ്‌നേഹ-അരുണ്‍ ദമ്പതികളുടെ മകനെ പനിയെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുഞ്ഞ് ഇടയ്ക്കിടെ ശാരീരിക അവശതകള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രി മാറ്റണമോ എന്ന് അധികൃതരോട് ചോദിച്ചിരുന്നു. ഇവിടെത്തന്നെ ചികിത്സ തുടരാമെന്ന് അറിയിച്ച ഡോക്ടര്‍സ് കുഞ്ഞിന് മരുന്ന് ഫാര്‍മസിയില്‍ നിന്ന് വാങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ മരുന്നു കഴിച്ചതോടെ ശാരീരിക അവശതകള്‍ കൂടിയെന്നും കുഞ്ഞ് ബോധരഹിതനായെന്നും മാതാപിതാക്കള്‍ പറയുന്നു. ശേഷം ഡിസ്ചാര്‍ജ് ആയി വന്നിട്ടും പനി കുറയാത്തതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോര്‍ട്ട് മാറിപ്പോയ കാര്യം വ്യക്തമായത്.
കുഞ്ഞിന് വലിയ അസ്വസ്ഥതയുണ്ടായെന്നും സൂപ്രണ്ടിനെ അറിയിച്ചിട്ടും പരാതി ഗൗനിച്ചില്ലെന്നും കുടുംബം പറഞ്ഞു. 72 കാരനുള്ള ചികിത്സയാണ് ഒരു വയസുള്ള ആണ്‍കുട്ടിക്ക് നടത്തിയതെന്നാണ് ആരോപണം. സംഭവത്തില്‍ ആരോപിതരായ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

