കൊണ്ടോട്ടി: മലപ്പുറത്ത് പോലീസ് നടത്തിയ വാഹന പരിശോധനയിൽ വൻ തോതിൽ കുഴൽപ്പണം കണ്ടെത്തി. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന വാഹനത്തിൽ നിന്ന് 1,91,48,000 രൂപയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കൽ 38 കാരനായ തസ്ലിം ആരിഫ്, മലപ്പുറം മുണ്ടുപറമ്പ് വടക്കീടൻ 37 കാരനായ മുഹമ്മദ് ഹനീഫ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വൈകുന്നേരം കൊണ്ടോട്ടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച കാറിൻ്റെ സീറ്റിനോട് ചേർന്ന് നിർമ്മിച്ച മൂന്ന് രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. രേഖകളില്ലാത്ത പണമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത പണവും വാഹനവും കോടതിക്ക് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. വൻ തുകയുടെ ഉറവിടത്തെക്കുറിച്ചും ഇത് എവിടെക്ക് കൊണ്ടുപോകുകയായിരുന്നു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി മലപ്പുറം കേന്ദ്രീകരിച്ച് കുഴൽപ്പണ ഇടപാടുകൾ വർധിച്ചു വരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിൻ്റെ ഭാഗമായി പൊലീസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്ര വലിയ തുകയുമായി രണ്ട് പേർ പിടിയിലാകുന്നത്.

