തിരുവനന്തപുരം: തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് എന്ന കേരളത്തിന്റെ ദീർഘകാല ആവശ്യം സഫലമാകാൻ പോകുന്നു. തിരുവനന്തപുരം – ബെംഗളുരു റൂട്ടിൽ വന്ദേഭാരത് ട്രെയിൻ ഉടൻ എത്തുമെന്നാണ് റയിൽവെ വ്യക്തമാക്കുന്നത്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനാകും : തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുക.
ജോൺ ബ്രിട്ടാസ് എംപിക്ക് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങാണ് ഇതുസംബന്ധിച്ച് ഉറപ്പുനൽകിയത്. റയിൽവെ തിരുവനന്തപുരം ഡിവിഷനുമായി ബന്ധപ്പെട്ട് നടന്ന എംപിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമയക്രമം റെയിൽവേ ബോർഡിന് നൽകിയെന്നും ആർ.എൻ. സിങ് പറഞ്ഞു.
എറണാകുളം-ബെംഗളൂരു പ്രത്യേക വന്ദേഭാരത് നിർത്തലാക്കിയതോടെ റൂട്ടിൽ ടിക്കറ്റ് കിട്ടാത്തത്ര തിരക്കാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. വന്ദേഭാരതിലുൾപ്പെടെ തീവണ്ടികളിലെ മോശം ഭക്ഷണത്തെപ്പറ്റി എംപിമാർ കടുത്ത വിമർശനം ഉയർത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും എറണാകുളത്ത് മോശമായ ഭക്ഷണം പിടിച്ച സാഹചര്യത്തിൽ ആ കരാറുകാരെ ഒഴിവാക്കിയതായും റെയിൽവേ അറിയിച്ചു.

