പാലക്കാട്: റീൽസ് ചിത്രീകരണത്തിന് പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെയും മകന്റെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. മാട്ടുമന്ത നടുവക്കാട്ട് പാളയത്ത് ശരത്തിന്റെ ഭാര്യ അഞ്ജു (26), മകൻ ശ്രിയാൻ ശരത്ത് (രണ്ട്) എന്നിവരുടെ സംസ്കാര ചടങ്ങുകളാണ് ഇന്ന് നടക്കുക. കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിനു സമീപം നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് പൈപ്പിൽ വീണുണ്ടായ അപകടത്തിലാണ് ഇരുവർക്കും ജീവൻ നഷ്ടമായത്.
മരിച്ച ശ്രീജൻ ശരത്തിൻറെയും അഞ്ജുവിൻറെയും ഏകമകനാണ്. മണികണ്ഠനാണ് അഞ്ജുവിൻറെ പിതാവ്. മാതാവ്: സുമതി. മഞ്ജു, റിഞ്ചു എന്നിവർ സഹോദരങ്ങളാണ്. അഞ്ജുവിൻറെയും മകൻറെയും വിയോഗം അറിഞ്ഞ് നാട്ടുകാരും പരിചയക്കാരും കൂട്ടുകാരുമായ നിരവധി പേരാണ് ജില്ല ആശുപത്രിയിലെത്തിയത്.
അഞ്ജുവിൻറെ ഭർത്താവ് മാട്ടുമന്ത നടുവക്കാട്ട് പാളയത്ത് ശരത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കലക്ഷൻ ഏജൻറാണ്. ശരത്തിൻറെ അമ്മ സരസു മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. ഇവർ ശനിയാഴ്ച എത്തിയശേഷം സംസ്കാരം നടത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇന്നലെ വൈകീട്ടോടെ ഇരുവരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകും.
ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരണത്തിനായി സുഹൃത്ത് സൂര്യലക്ഷ്മിയോടൊപ്പം ഒറ്റപ്പാലം വരിക്കാശ്ശേരി മനയിലേക്കു പോവുകയായിരുന്നു അഞ്ജുവും മകനും. അഞ്ജുവാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ സൂര്യലക്ഷ്മി കല്ലേക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

