ധാക്ക: കൊൽക്കത്ത പിടിച്ചെടുക്കാൻ ഇന്ത്യയിലേക്ക് ചാവേറുകളെ അയച്ച് ആക്രമണം നടത്തുമെന്ന് ആഹ്വാനം ചെയ്ത് ബംഗ്ലാദേശി മതനേതാവ്. മൗലാന അബ്ദുൽ ഖുദ്ദൂസ് ഫാറൂഖി എന്ന മതനേതാവാണ് ഇന്ത്യക്കെതിരെ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്യുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ബംഗ്ലാദേശ് സൈന്യം അനുവദിച്ചാൽ, ഞാൻ കൊൽക്കത്തയിലേക്ക് ചാവേർ ബോംബർമാരെ അയയ്‌ക്കും എന്നാണ് ഫാറൂഖി പറയുന്നത്.
ഹസൻ മീഡിയ എന്ന യൂട്യൂബ് ചാനൽ മാർച്ച് എട്ടിന് പബ്ലിഷ് ചെയ്ത 11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് മതനേതാവിന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമർശമുള്ളത്. ‘ആദ്യം മരിക്കുക പിന്നെ കൊല്ലുക’ എന്നത് ഖുർ ആനിലെ ഒരു ആയത്താണ്. ഇതിൻറെ അടിസ്ഥാനത്തിലാണ് താൻ ചാവേർ ആക്രമണത്തെക്കുറിച്ച് പറയുന്നതെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. അമേരിക്ക, റഷ്യ തുടങ്ങിയ ശക്തമായ രാജ്യങ്ങളെ പരാജയപ്പെടുത്താൻ താലിബാൻ ഈ സമീപനം സ്വീകരിച്ചുവെന്നും ഇയാൾ പറയുന്നുണ്ട്.
“കൊൽക്കത്ത പിടിച്ചെടുക്കാൻ ബംഗ്ലാദേശ് സൈന്യം എന്നോട് ആവശ്യപ്പെട്ടാൽ, ഞാൻ അതിനനുസരിച്ച് ആസൂത്രണം ചെയ്യും. 70 യുദ്ധവിമാനങ്ങളൊന്നും അതിന് വേണ്ട, കൊൽക്കത്ത പിടിച്ചെടുക്കാൻ 70 വിമാനങ്ങളുടെ ആവശ്യകത എന്താണ്? ഞാൻ 7 വിമാനങ്ങൾ പോലും ഉപയോഗിക്കില്ല. ബംഗ്ലാദേശ് സൈന്യം അനുവദിച്ചാൽ, ഞാൻ കൊൽക്കത്തയിലേക്ക് ചാവേർ ബോംബർമാരെ അയയ്‌ക്കും” എന്ന് ഫാറൂഖി പറയുന്നത് കേൾക്കാം. ഇയാളുടെ ആഹ്വാനത്തിനെതിരെ ബംഗ്ലാദേശിലെ ഹിന്ദു സമൂഹം രംഗത്തുവന്നു. ഷെയ്ഖ് ഹസീന സർക്കാർ വീണതിന് ശേഷം ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾ ക്രൂര പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

