തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് കവചം സൈറൺ മുഴങ്ങും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈറൺ മുഴങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
അതെ സമയം, വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്‍റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ആകെ 100 സെന്റിമീറ്റർ ആണ് ഉയർത്തുക. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ പെയ്യുകയാണ്. രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. വെള്ളക്കെട്ടിൽ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. വെള്ളയമ്പലം ആൽത്തറമൂട്ടിൽ റോഡിന് കുറുകെ മരച്ചില്ല ഒടിഞ്ഞുവീണു. വെള്ളയമ്പലത്ത് രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണും ഗതാഗതം തടസപ്പെട്ടു. കാട്ടാക്കട, മാറനല്ലൂർ, മൂങ്ങോട് എന്നിവിടങ്ങളിലും മരം കടപുഴകി വീണു. മൂങ്കോട് അഗ്നിരക്ഷ സേന എത്തി മരം മുറിച്ചു നീക്കി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. ഇതേത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
അതെ സമയം, സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത. മണിക്കൂറുകൾക്കുള്ളിൽ കാലവർഷം കേരള തീരം തൊട്ടേക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും ഉണ്ട്.തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. കാലവർഷം കേരളത്തിലെത്തിയാലുള്ള സ്ഥിരീകരണം ഇന്ന് തന്നെ ഉണ്ടാവാൻ സാധ്യതയുണ്ട്.
മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂര്‍, കാസർകോട്, ഇടുക്കി ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂര്‍ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണമുണ്ട്. കാസർകോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

