ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേഷ്‌കുമാറാണ് വീരമൃത്യു വരിച്ചത്. പൂഞ്ച് രജൗരി മേഖലകളിലുണ്ടായ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ദിനേഷ് കുമാർ മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ജവാൻ ചികിത്സയിലാണ്.
ഷെൽ ആക്രമണത്തിൽ പ്രദേശവാസികളായ 15 പേർ കൊല്ലപ്പെട്ടിരുന്നു. 57 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ സഹോദരങ്ങളടക്കം നാലു കുട്ടികളുമുണ്ട്.
ഷൈല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ശ്രീനഗറിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെനേതൃത്വത്തിൽ 10 ജില്ലകളിലായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഷെല്ലാക്രമണത്തിന് കനത്ത തിരിച്ചടി നൽകാൻ കേന്ദ്രം സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി.
ഷെല്ലാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ അധികൃതർ നിർദേശം നൽകി. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്.ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതു സാഹചര്യത്തെയും നേരിടാൻ പൂർണ സജ്ജമാണെന്നും സിൻഹ പറഞ്ഞു. ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്ന് പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

