ഇന്ത്യ കയറി അടിച്ച് അച്ചാറാക്കിയിട്ടും പാക് പ്രധാനമന്ത്രിയുടെ വീമ്പുപറച്ചിൽ; ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കിയത് രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത്; പാകിസ്ഥാനിൽ റെഡ് അലർട്ട്

0

ഇസ്ലാമാബാദ്: പാകിസ്ഥാൻ സൈന്യം ഉൾപ്പെടെ അതീവ സുരക്ഷയൊരുക്കുന്ന ഭീകര ക്യാമ്പുകളിലാണ് ഇന്ത്യയുടെ സംയുക്ത സൈന്യം ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ ഒമ്പതിടങ്ങളിലുള്ള ഭീകര ക്യാമ്പുകളാണ് ആക്രമിച്ച് നശിപ്പിച്ചതെന്നും സൈനിക പോസ്റ്റുകൾക്ക് നേരേയെ സാധാരണ മനുഷ്യർക്ക് നേരേയോ ആക്രമണമുണ്ടായില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാൽ, രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കുകയാണ് ചെയ്തത്.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇക്കഴിഞ്ഞ രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്തത്. പാകിസ്ഥാൻ ഒരടി പിന്നോട്ടില്ലെന്നായിരുന്നു ഷഹബാസ് ഷരീഫിന്റെ പ്രഖ്യാപനം. തിരിച്ചടി നൽകാൻ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചിന്തിയ ഓരോ തുള്ളി രക്തത്തിന് പകരം ചോദിക്കുമെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി, അത് എങ്ങനെയെന്ന് പാകിസ്ഥാന് അറിയാമെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൽ കൊല്ലപ്പെട്ട ഭീകരരെയടക്കം രക്തസാക്ഷികൾ എന്ന് വിശേഷിപ്പിച്ചാണ് പാക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

നേരത്തെ പാക് ദേശീയ അസംബ്ലിയിലും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കിയിരുന്നു. ശക്തമായ തിരിച്ചടി കിട്ടിയിട്ടും ഇന്ത്യൻ വിമാനങ്ങൾ തകർത്തുവെന്ന അവകാശവാദമടക്കം നടത്തിയാണ് പാക് പ്രധാനമന്ത്രി പോർവിളി നടത്തിയത്. ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നൽകുമെന്നാണ് ദേശീയ അസംബ്ലിയിൽ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അഭിപ്രായപ്പെട്ടത്. സൈന്യത്തിന് പൂർണ്ണ ഉത്തരവാദിത്തം നൽകിയിരിക്കുകയാണ്. അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ വിമാനങ്ങൾ തകര്ത്തുവെന്നും അവകാശപ്പെട്ടു. ദേശീയ സുരക്ഷ സമിതി യോഗത്തിലും ഇന്ത്യക്ക് ശക്തമായ തിരിച്ചടി നൽകിയെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. തുടർ ആക്രമണത്തിനുള്ള സമയവും സാഹചര്യവും സൈന്യത്തിന് സ്വീകരിക്കാമെന്നാണ് ഷഹബാസ് വ്യക്തമാക്കിയിരിക്കുന്നത്. ജമ്മുകാശ്മീർ, ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികളാണ് പാകിസ്ഥാൻ ഉന്നം വയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ രാഷ്ട്രീയമായും സാമ്പത്തികമായും ദുർബലമായ പാകിസ്ഥാന് തിരിച്ചടിക്ക് ശേഷിയില്ലെന്നും വിലയിരുത്തപ്പെടുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് പാക് സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ആഭ്യന്തര വിമാന സർവീസുകൾ 36 മണിക്കൂർ നേരം റദ്ദാക്കി. വ്യോമപാതയും പൂർണ്ണമായും അടച്ചിട്ടുണ്ട്. സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകുയാണ്.

അതേസമയം ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൻറെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ആക്രണത്തിന് മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടുവരുമെന്ന് ഇന്ത്യ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളോടടക്കം ഇക്കാര്യത്തിൽ ഇന്ത്യ നിലപാടറിയിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചിടിക്കും. പാകിസ്ഥാൻറെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

മോദിയോട് ചോദിക്കാനാണ് ഭീകരർ പറഞ്ഞത്, മോദി മറുപടി നൽകി

പഹൽ​​ഗാം ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളിൽ ലോകത്തെ ഏറെ നൊമ്പരപ്പെടുത്തിയ ഒന്നായിരുന്നു നാവിക സേന ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ മൃതദേഹത്തിനരുകിൽ നിരാലംബയായി ഇരിക്കുന്ന ഭാര്യ ഹിമാൻഷി നർവാളിന്റെ ചിത്രം. വിവാഹം കഴിഞ്ഞ് ആറാം ദിവസമാണ് ഹിമാൻഷിയുടെ കൺമുന്നിൽവെച്ച് ഭർത്താവിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. മധുവിധു ആഘോഷിക്കാനായാണ് നവദമ്പതികൾ കശ്മീരിലെത്തിയത്. തന്റെ ഭർത്താവിന്റെ ജീവനായി ഭീകരർക്ക് മുന്നിൽ കരഞ്ഞപേക്ഷിച്ചിട്ടും യാതൊരു ദയയും ഭീകരർ കാട്ടിയില്ല. പഹൽ​ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്നലെ തന്നെ ഹിമാൻഷി നന്ദി പറഞ്ഞിരുന്നു. ഇപ്പോഴിതാ, യുവതിയുടെ കൂടുതൽ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.

ഈ ഓപറേഷൻ അവസാനിപ്പിക്കരുതെന്നും ഭീകരവാദത്തിനെതിരായ പോരാട്ടങ്ങൾക്കുള്ള തുടക്കമാകണമെന്നുമാണ് ഹിമാൻഷി കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. ‘‘എന്റെ ഭർത്താവ് പ്രതിരോധ സേനയിലായിരുന്നു. സമാധാനം സംരക്ഷിക്കാനും നിരപരാധികളുടെ ജീവൻ രക്ഷിക്കാനും അദ്ദേഹം ആഗ്രഹിച്ചു. ഈ രാജ്യത്ത് വിദ്വേഷവും ഭീകരതയുമില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. സർക്കാരിനോട് ഞാൻ നന്ദിപറയുന്നു. എന്നാൽ ഇത് ഇവിടെ അവസാനിപ്പിക്കരുതെന്ന് അഭ്യർഥിക്കുകയാണ്. ഈ രാജ്യത്ത് ഭീകരവാദം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളുടെ തുടക്കമാകണമിതെന്ന് ഞാൻ അഭ്യർഥിക്കുന്നു.

നമ്മുടെ സേനയും മോദി സർക്കാരും ഭീകരർക്കും അവരെ കൈകാര്യം ചെയ്യുന്നവർക്കും ശക്തമായ സന്ദേശം നൽകി. ഞങ്ങൾ അനുഭവിച്ച വേദന, ആ 26 കുടുംബങ്ങൾ അനുഭവിച്ച വേദന ഇപ്പോൾ അതിർത്തിക്ക് അപ്പുറമുള്ളവർക്ക് മനസ്സിലായി. എന്റെ വിവാഹം കഴിഞ്ഞിട്ട് 6 ദിവസമേ ആയിട്ടുള്ളു എന്നും എന്നോട് കരുണ കാണിക്കണം എന്നും ഞാൻ അന്ന് ഭീകരരോട് പറഞ്ഞതാണ്. എന്നാൽ ‘അത് മോദിയോട് പോയി ചോദിക്കു’ എന്നാണ് അവർ എന്നോട് പറഞ്ഞത്. ഇന്ന് മോദി, നമ്മുടെ സൈന്യം അവർക്ക് മറുപടി നൽകി. പഹൽഗാമിന് തിരിച്ചടി നൽകിയതിൽ സന്തോഷമുണ്ട്. എന്നാൽ ആ 26 പേർ ഇപ്പോൾ ജീവനോടെയില്ല എന്നതിൽ ദുഃഖവുമുണ്ട്’’– ഹിമാൻഷി പറഞ്ഞു.

പഹൽഗാമിലേതുപോലെയുള്ള ഭീകരാക്രമണങ്ങൾ ഇനിയും ആവർത്തിക്കുന്നതിന് മുൻപ് ഭീകരവാദികൾ നൂറുതവണ ആലോചിക്കണമെന്ന് വിനയ് നർവാളിന്റെ അച്ഛൻ രാജേഷ് നർവാൾ‌ പറഞ്ഞു. ഹരിയാനയിലെ കർണാൽ ഭുസ്‌ലി സ്വദേശിയും കൊച്ചി ദക്ഷിണ നാവിക കമാൻഡിലെ ഓഫിസർ ഇൻ ചാർജുമായിരുന്ന (എസ്ഐജി) ലഫ്റ്റനന്റ് വിനയ് നർവാളും ഗുരുഗ്രാം സ്വദേശി ഹിമാൻഷിയും തമ്മിലുള്ള വിവാഹം കഴിഞ്ഞമാസം പതിനാറിനായിരുന്നു. 19ന് സൽക്കാരച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഇരുപതിനാണു മധുവിധു ആഘോഷിക്കാൻ നവദമ്പതികൾ കശ്മീരിലേക്കു പോയത്.

ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന് നഷ്ടമായത് അഞ്ച് കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ പത്തുപേരെ

ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടതിൽ ഖേദമോ നിരാശയോ ഇല്ലെന്ന് ജെയ്ഷെ തലവൻ മസൂദ് അസ്ഹർ. അഞ്ച് കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് മസൂദ് അസ്ഹറിന് ഓപ്പറേഷൻ സിന്ദൂറിൽ നഷ്ടമായത്. അവർക്ക് പോകേണ്ട സമയം വന്നു എന്നാണ് ഇതിനോട് മസൂദ് അസ്ഹർ പ്രതികരിച്ചത് എന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

അസ്ഹറിന്റെ കുടുംബത്തിലെ 10 പേർ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടന്ന് മസൂദ് അസ്ഹർ തന്നെ സ്ഥിരീകരിച്ചത്. മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്, അനന്തരവൻ, അനന്തരവന്റെ ഭാര്യ, മറ്റൊരു അനന്തരവൾ, കുടുംബത്തിലെ 5 കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിൽ പറയുന്നു.

‘‘എന്റെ കുടുംബത്തിലെ 10 അംഗങ്ങൾ രാത്രിയിലുണ്ടായ ആക്രമണത്തിൽ മരിച്ചു. അതിൽ 5 പേർ കുട്ടികളാണ്. എന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്. എന്റെ അനന്തരവൻ ഫാസിൽ ഭൻജെ, അദ്ദേഹത്തിന്റെ ഭാര്യ, എന്റെ അനന്തരവൾ ഫസില, എന്റെ സഹോദരൻ ഹുസൈഫ, അദ്ദേഹത്തിന്റെ അമ്മ. പിന്നെ എന്റെ 2 സഹായികളും കൊല്ലപ്പെട്ടു’’– മസൂദ് അസ്ഹർ പറഞ്ഞു.

തനിക്ക് ഇതിൽ ഖേദമോ നിരാശയോ ഇല്ലെന്നും പകരം അവരോടൊപ്പം ആ യാത്രയിൽ താനും ചേരണമായിരുന്നെന്നാണു തോന്നുന്നതെന്നും അവർക്കു പോകേണ്ട സമയം വന്നു എന്നും അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിലുണ്ട്. ഇന്നു നടക്കുന്ന ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മസൂദ് അസ്ഹർ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

യുഎൻ രക്ഷാ സമിതിയുടെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അമ്പത്തിയാറുകാരനായ മസൂദ് അസ്ഹർ, 2001ലെ പാർലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016-ലെ പഠാൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കു പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയാണ്. അസ്ഹർ പാക്കികിസ്ഥാനിലുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും, പാകിസ്ഥാൻ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here