മംഗളം ദിനപത്രത്തെ രാജീവ് ചന്ദ്രശേഖറിന് കീഴിലുള്ള ജൂപ്പിറ്റല്‍ ക്യാപ്പിറ്റല്‍ ഏറ്റെടുക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ‘മംഗള’ത്തിന്റെ ഭൂരിപക്ഷം ഓഹരികളാണ് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി ഏറ്റെടുക്കുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റായതിന് ശേഷം നവമാധ്യമ രംഗത്ത് രാജീവ് ചന്ദ്രശേഖര്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നു. അതേ സമയം, സാമ്പത്തിക പ്രതിന്ധിയില്‍ മുങ്ങുന്ന ആര്‍എസ്എസിന്റെ പത്രമാണ് ജന്മഭൂമിയെ അദേഹം തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ നേതൃത്വത്തില്‍ നിന്നടക്കം കോടികള്‍ കൊടുത്തിട്ടും ജന്മഭൂമി രക്ഷപ്പെട്ടില്ലെന്നും അതിനാലാണ് പുതിയ മാധ്യമത്തെ അദേഹം ഏറ്റെടുത്തതെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു.
മംഗളത്തിന്റെ നിലവിലെ എഡിറ്റോറിയല്‍ സംഘത്തില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഏറ്റെടുക്കല്‍. ചെയര്‍മാന്‍, എഡിറ്റര്‍ അടക്കമുള്ള പദവികളില്‍ രാജീവ് ചന്ദ്രശേഖര്‍ നിര്‍ദേശിക്കുന്ന ആളാവും എത്തുക. തനിക്ക് കൂടുതല്‍ പ്രാധാനം കിട്ടുന്ന വാര്‍ത്തകളും ചിത്രങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കണമെന്നാണ് പത്രാധിപ സമിതിക്ക് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

