തിരുവനന്തപുരം: കൊച്ചി തീരത്തെ കപ്പലപകടം സാധാരണ മത്സ്യത്തൊഴിലാളികളെ ബാധിച്ചെന്നും ഇവര്‍ക്ക് താത്കാലിക ആശ്വാസം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് താത്കാലിക ആശ്വാസമായി ആയിരം രൂപ വീതവും ആറുകിലോ അരിയും സൗജന്യ റേഷനായി നല്‍കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
കപ്പലപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചതായും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങുമായി ചര്‍ച്ചചെയ്ത് നിലവിലെ സ്ഥിതി അവലോകനംചെയ്തതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കപ്പല്‍ അപകടത്തില്‍പ്പെട്ട വിവരം ലഭിച്ചയുടന്‍ പൊതുജനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിപ്പ് പുറപ്പെടുവിച്ചു. 25-ന് കപ്പല്‍ പൂര്‍ണമായും മുങ്ങി. 643 കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഇതില്‍ 73 എണ്ണം ശൂന്യമായിരുന്നു. 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡാണുണ്ടായിരുന്നത്.
46 എണ്ണത്തില്‍ ഹൈഡ്രാസിന് എന്ന പ്ലാസ്റ്റിക് ഘടകവും. തടി, പഴങ്ങള്‍, തുണി എന്നിവയും കണ്ടെയ്നറുകളിലുണ്ട്. 100-ഓളം കണ്ടെയ്നര്‍ കടലില്‍ വീണെന്നാണ് അനുമാനം. 26-ന് അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ അന്നുതന്നെ അന്താരാഷ്ട്രവിദഗ്ധരുമായി ചര്‍ച്ചനടത്തി.

