കേരള ബ്ലാസ്റ്റേഴ്സിന് 2025–26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ്ബ് ലൈസൻസ് നിഷേധിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് ബ്ലാസ്റ്റേഴ്സിന് ലൈസന്‍സ് അനുവദിക്കാതിരുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിന് സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്റെ നടപടിയെന്നാണ് വിവരം. സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ ആണ് ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതെന്നാണ് ക്ലബ്ബ് അധികൃതർ വ്യക്തമാക്കുന്നത്. സ്റ്റേഡിയത്തിൽ സൗകര്യങ്ങൾ ഒരുക്കേണ്ടത് ക്ലബ്ബിന്റെ ഉത്തരവാദിത്വമല്ലെന്നും ക്ലബ്ബ് വിശദീകരിക്കുന്നു. ക്ലബ്ബിന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും എന്നാൽ വിഷയത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
പ്രശ്ന പരിഹാരത്തിനായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നുവെന്നാണ് വിവരം. നടപടിയില്‍ ബ്ലാസ്റ്റേഴ്സിന് അപ്പീൽ നൽകുവാനും, ഇളവ് തേടാനും സാധിക്കും.
അടുത്ത സീസണെ ബാധിക്കാത്ത തരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഒഡിഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി, മുഹമ്മദൻ ക്ലബ്ബുകൾക്കും പ്രീമിയർ വൺ ലൈസൻസ് നേടാൻ സാധിച്ചിട്ടില്ല.

