ഇന്ത്യ – പാക് സൈനിക ഡയറക്ടർ ജനറൽമാർ തമ്മിലുള്ള ചർച്ച ഇന്നും തുടരും; അതിർത്തിയിലെ സേന വിന്യാസം പിൻവലിക്കില്ലെന്ന നിലപാടിൽ ഇന്ത്യ

0

ന്യൂഡൽഹി: ഇന്ത്യ – പാക് സൈനിക ഡയറക്ടർ ജനറൽമാർ തമ്മിലുള്ള ചർച്ച ഇന്നും തുടരും. ഇന്നുച്ചക്ക് 12 മണിക്കാണ് തുടർ ചർച്ചകൾ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം സൈനിക ഡയറക്ടർ ജനറൽമാർ തമ്മിൽ നടന്ന ഉഭയകക്ഷിചർച്ചയിൽ ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കും എന്ന് ഇന്ത്യ ആവർത്തിച്ചു. ഇന്ത്യക്കെതിരായ ഏത് ഭീകര പ്രവർത്തനത്തെയും യുദ്ധമായി കണക്കാക്കും എന്നാണ് ഇന്ത്യ സ്വീകരിക്കുന്ന നിലപാട്. തങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയിൽ പാകിസ്ഥാൻ ഉയർത്തിക്കാട്ടി എന്നാണ് റിപ്പോർട്ട്.

അതേസമയം, ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായൊരുക്കിയ അതിർത്തിയിലെ വൻ സേനാസന്നാഹം ഇന്ത്യ ഉടനെ പിൻവലിക്കില്ലെന്ന നിലപാടിലാണ്. ഇരു രാജ്യങ്ങളും തമ്മിലെ തുടർചർച്ചകളിലെ ധാരണപ്രകാരമാകും അടുത്തനീക്കങ്ങൾ. പാകിസ്ഥാൻ സ്വീകരിക്കുന്ന നിലപാടുകൾ വിലയിരുത്തി മാത്രമേ സേനാ വിന്യാസത്തിൽ മാറ്റം വരുത്തുന്ന കാര്യം പരി​ഗണിക്കൂ എന്ന നിലപാടിലാണ് ഇന്ത്യ. വെടിവെപ്പും സൈനിക നടപടികളും നിർത്താൻ ഇന്ത്യയും പാകിസ്ഥാനും ധാരണയായെങ്കിലും നിലവിൽ അതിർത്തിയിലുള്ള സൈനികശേഷിയിൽ കുറവു വരുത്തേണ്ടെന്ന നിലപാടാണ് ഇന്ത്യൻ സൈന്യം സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യ സൈനികസമ്മർദം ശക്തമായി തുടരണമെന്ന അഭിപ്രായമാണ് പ്രതിരോധരംഗത്തെ വിദഗ്‌ധരുൾപ്പെടെ പങ്കുെവക്കുന്നത്.

അതേസമയം, സിന്ധുനദീജലക്കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന്‌ ഇന്നത്തെ ചർച്ചയിൽ പാകിസ്ഥാൻ ആവശ്യപ്പെട്ടേക്കും. ഇന്ത്യ വഴങ്ങില്ലെന്നാണ് സൂചന. സിന്ധു നദീജലക്കരാർ മരവിപ്പിച്ചതടക്കം, പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഏർപ്പെടുത്തിയ ഉപരോധനടപടികൾ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

അതിനിടെ, വെടിനിർത്തൽ ധാരണയ്ക്കുശേഷമുള്ള സ്ഥിതിഗതികൾ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, മൂന്ന് സേനാ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here