സിസ്റ്റീൻ ചാപ്പലിനു മുകളിൽ ഘടിപ്പിച്ച പുകക്കുഴലിലൂടെ കറുത്ത പുക; കോൺക്ലേവിൽ ആദ്യ ദിവസം ആർക്കും ഭൂരിപക്ഷമില്ല; പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്നും തുടരും

0

വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള ആദ്യറൗണ്ട് വോട്ടെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തില്ല എന്ന സൂചനയായി കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിനു മുകളിൽ ഘടിപ്പിച്ച പുകക്കുഴലിലൂടെ കറുത്ത പുക പുറത്തേക്ക് വന്നു. ഇറ്റാലിയൻ സമയം ഒമ്പത് മണിയോടെയാണ് സിസ്റ്റീൻ ചാപ്പലിനു മുകളിലെ പുകക്കുഴലിലൂടെ കറുത്ത പുക വന്നത്. ഇതോടെയാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞെന്നും ആർക്കും മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെന്നും വ്യക്തമായത്.

കോൺക്ലേവിൽ പങ്കെടുക്കുന്ന അം​ഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നയാളാണ് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുക​. അഞ്ച് ഭൂഖണ്ഡങ്ങളിലെ 71 രാജ്യങ്ങളിൽനിന്നായി വോട്ടവകാശമുള്ള 133 കർദിനാൾമാരാണു കോൺക്ലേവിൽ പങ്കെടുക്കുന്നത്. ഇവരിൽ 89 പേരുടെ പിന്തുണ നേടുന്നയാളാണ് ആ​ഗോള കത്തോലിക്കാ സഭയുടെ അടുത്ത തലവൻ.

സിസ്റ്റീൻ ചാപ്പലിനു മുകളിൽ ഘടിപ്പിച്ച പുകക്കുഴലിൽ നിന്ന് കറുത്ത പുകയാണ് ഉയരുന്നതെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്. ഫലംകാത്ത് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജനം രാത്രി വൈകിയും കാത്തുനിന്നു. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാപ്പ തിരഞ്ഞെടുക്കപ്പെടുംവരെ ഇന്നുമുതൽ ദിവസവും നാലു തവണ വോട്ടെടുപ്പു നടക്കും.

വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിച്ചു. ഇന്ത്യൻ സമയം 7.45ന് കർദിനാൾമാർ പോളീൻ ചാപ്പലിനു മുന്നിൽ സകലവിശുദ്ധരുടെയും ലുത്തിനിയ ചൊല്ലിയും പരിശുദ്ധാരൂപിയുടെ വരവിനായുള്ള പ്രാർഥനാഗാനം ആലപിച്ചുമാണു സിസ്റ്റീൻ ചാപ്പലിൽ എത്തിയത്.

കർദിനാൾമാർ ബൈബിളിൽ തൊട്ടു സത്യംചെയ്ത ശേഷമാണു വോട്ടെടുപ്പ്. ഇന്ന് ഒരു തവണയേ വോട്ടെടുക്കൂ. അതിൽ പാപ്പ തിരഞ്ഞെടുക്കപ്പെടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പകരം, ആരൊക്കെയാണു പരിഗണിക്കപ്പെടുന്നതെന്ന സൂചന കോൺക്ലേവ് അംഗങ്ങൾക്കു ലഭിക്കാം. നാളെ മുതൽ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും 2 വീതം ആകെ 4 തവണ വോട്ടെടുപ്പുണ്ടാകും. 2013 ൽ, രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.

ഇത്തവണ തിരഞ്ഞെടുപ്പു നീളുമെന്നു പ്രവചിക്കുന്നവർ പല കാരണങ്ങൾ സൂചിപ്പിക്കുന്നു. ആദ്യമായാണ് 120ൽ ഏറെപ്പേർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്; എണ്ണത്തിലെ വർധന ഒരാൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലെത്തുന്നതു നീണ്ടുപോകാൻ കാരണമാകാം. ഫ്രാൻസിസ് പാപ്പയുടെ കാലത്തുതന്നെ സഭയുടെ നിലപാടുകളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതിന്റെ തുടർച്ചയെന്നോണം, പുതിയ പാപ്പ എത്തരത്തിലുള്ള വ്യക്തിയാകണം എന്നതിൽ ശക്തമായ കാഴ്ചപ്പാടുകൾ കർദിനാൾമാർക്കുണ്ട്. പലരും ഒത്തുതീർപ്പുകൾക്കു തയാറാകണമെന്നില്ല.

എന്നാൽ, കോൺക്ലേവ് നീണ്ടുപോകുന്നത് സഭയിൽ ഭിന്നതയെന്ന പ്രതീതി സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കാനെന്നോണം ആദ്യ 3 ദിവസത്തിനകം തീരുമാനത്തിലെത്താനുള്ള ശ്രമം ഉണ്ടാകുമെന്നും വിലയിരുത്തുന്നവരുമുണ്ട്.

പട്ടികയും സാധ്യതയും

‘മാർപാപ്പയായി കോൺക്ലേവിൽ പ്രവേശിക്കുന്നയാൾ കർദിനാളായി തിരികെയിറങ്ങും’ എന്നാണു പറയാറുള്ളത്. സാധ്യതപ്പട്ടികയിൽ ഉൾപ്പെടുന്നവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ പ്രയോഗം. ഇത്തവണയും പല സാധ്യതപ്പട്ടികകളുണ്ട്. എന്നാൽ, ഇവയിലൊന്നും ഉൾപ്പെടാത്തയാൾ ഭൂരിപക്ഷം നേടുമെന്നു പ്രതീക്ഷിക്കുന്നവർ ഏറെയാണ്. കോൺക്ലേവിനു മുന്നോടിയായി കർദിനാൾമാർ 12 തവണ യോഗം ചേർന്നിരുന്നു. സാധ്യതപ്പട്ടികയിലുള്ളവർ അടക്കമുള്ള കർദിനാൾമാർ യോഗങ്ങളിൽ നിലപാടു വ്യക്തമാക്കി. അതിനുശേഷമുള്ള പട്ടികകളിലെ ചില പേരുകൾ ഇവ:

കർദിനാൾ മാൽക്കം രഞ്ജിത് (77): ശ്രീലങ്ക. കൊളംബോ ആർച്ച്ബിഷപ്. വത്തിക്കാൻ വിദേശകാര്യ സർവീസിലുൾപ്പെടെ പ്രവർത്തിച്ചു. 10 ഭാഷകളിൽ പ്രാവീണ്യം.

കർദിനാൾ പീറ്റർ എർഡോ (72): ഹംഗറി. സഭാനിയമങ്ങൾ സംബന്ധിച്ചുൾപ്പെടെ പുസ്തകങ്ങൾ രചിച്ചു. നിലപാടുകളിൽ മധ്യപാത. എന്നാൽ, കുടിയേറ്റം ഉൾപ്പെടെ ചില വിഷയങ്ങളിൽ ഫ്രാൻസിസ് പാപ്പയോടു വിയോജിച്ചു.

കർദിനാൾ ലൂയി അന്റോണിയോ ടാഗ്‌ലേ (67): ഫ്രാൻസിസ് പാപ്പയുടെ ശൈലിയോടുള്ള ആഭിമുഖ്യം കാരണം ‘ഏഷ്യൻ ഫ്രാൻസിസ്’ എന്നു വിശേഷണം. പ്രായം പ്രതികൂലഘടകമായേക്കാം.

കർദിനാൾ ഫെർനാൻഡോ ഫിലോണി (79): ഇറ്റലി. പാപ്പയുടെ പ്രതിനിധിയായി ഇറാഖിൽ പ്രവർത്തിച്ചിട്ടുണ്ട്. ആഗോള കാഴ്ചപ്പാടുള്ള പാപ്പ വേണമെന്നു വാദിക്കുന്നവർക്ക് പ്രിയങ്കരൻ.

കർദിനാൾ ആൻഡേഴ്സ് അർബോറേലിയസ് (75): സ്വീഡനിൽനിന്നുള്ള ആദ്യ കർദിനാൾ. ലൂഥറൻ സഭയിൽനിന്ന് 20–ാം വയസ്സിൽ കത്തോലിക്കാസഭയിലെത്തി.

കർദിനാൾ റോബർട്ട് സാറ (79): പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയിൽനിന്നുള്ള ഇദ്ദേഹം 1980 കളിൽ അവിടത്തെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ സ്വീകരിച്ച നിലപാട് ശ്രദ്ധേയമായി. വത്തിക്കാനിൽ പല ചുമതലകൾ വഹിച്ചു. യാഥാസ്ഥിതിക നിലപാട്.

കർദിനാൾ പിയെർബറ്റിസ്റ്റ പിസബെല്ല (60): ഇറ്റലി ലത്തീൻ സഭയുടെ ജറുസലം പാത്രിയർക്കീസ്. പശ്ചിമേഷ്യയിലെ മതവിഭാഗങ്ങളുമായി മികച്ച ബന്ധം. പ്രായക്കുറവ് പ്രതികൂലഘടകം.

കർദിനാൾ പിയത്രോ പരോളിൻ മുൻനിരയിൽ തുടരുന്നു. കർദിനാൾ ഷോൺ മാർക് ആവ്‌ലിന് ഫ്രഞ്ച് ഭാഷ മാത്രമേ വശമുള്ളൂ എന്നതു പ്രതികൂലഘടകം. അധികാരപരമായി നോക്കുമ്പോൾ യുഎസിൽനിന്നു പാപ്പ ഉചിതമല്ലെന്ന സഭയുടെ അലിഖിത നിലപാട് കർദിനാൾ ജോസഫ് ടോബിനു തടസ്സമായി സൂചിപ്പിക്കപ്പെടുന്നു. എൽജിബിടി വിഭാഗത്തിനുവേണ്ടി വാദിക്കുന്നത് മാൾട്ടയിൽനിന്നുള്ള കർദിനാൾ മാരിയോ ഗ്രെക്കിനു പിന്തുണ കുറയാൻ കാരണമാകുന്നു. കർദിനാൾ പീറ്റർ കൊട്‌വോ ടർക്സ്ൻ, കർദിനാൾ യുവാൻ യോസെ ഒമെല്ല, കർദിനാൾ മറ്റിയോ മരിയ സൂപ്പി തുടങ്ങിയവരും സാധ്യതപ്പട്ടികയിലുണ്ട്.

ഭൂരിപക്ഷം ലഭിക്കും വരെ വോട്ടെടുപ്പ്

കത്തോലിക്കാ സഭയുടെ 277മാത്തെ അധ്യക്ഷനെയാണ് തെരഞ്ഞെടുക്കുന്നത്. ഇന്നലെ ഒരു തവണ മാത്രമാണ് വോട്ടെടുപ്പ് നടന്നത്. രണ്ടാം ദിനമായ ഇന്ന് രാവിലെയും ഉച്ചയ്ക്കും രണ്ട് തവണ വീതം വോട്ടെടുപ്പ് നടക്കും. മൂന്നാം ദിവസം മാർപ്പാപ്പയെ തെരഞ്ഞടുത്തില്ലെങ്കിൽ കോൺക്ലേവിന് ഒരു ദിവസത്തെ ഇടവേള നൽകും. പുതിയ മാർപാപ്പയെ കണ്ടെത്തും വരെ വോട്ടെടുപ്പ് തുടരും.

വത്തിക്കാൻ മുൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനാകും കോൺക്ലേവിന്റെ അധ്യക്ഷൻ‍. യുറോപ്പിൽ നിന്നും ഇറ്റലിയിൽനിന്നുമാണ് ഏറ്റവും കൂടുതൽ കർദിനാളുമാരുള്ളത്. കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവ, കർദിനാൾ ജോർജ്ജ് കൂവക്കാട്, ഗോവ, ദാമൻ അതിരൂപതയുടെ ആർച്ച്‌ ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആർച്ച്‌ ബിഷപ്പ് അന്തോണി പൂള എന്നിവരാണ് വോട്ടവകാശമുള്ള ഇന്ത്യൻ കർദിനാളുമാർ.

മാർപാപ്പയെ തെരഞ്ഞെടുത്താൽ അടുത്ത പടി ഇതാണ്..

ലോകമെമ്പാടുമുള്ള ഏകദേശം 1.4 ബില്യൺ മാമ്മോദീസ സ്വീകരിച്ച റോമൻ കത്തോലിക്ക വിശ്വാസികളിൽ ആരെ വേണമെങ്കിലും പോപ്പായി തെരഞ്ഞെടുക്കാം എന്നാണ് വിശ്വാസം. സ്നാനമേറ്റ ഏതൊരു പുരുഷനും സൈദ്ധാന്തികമായി പോപ്പായി തിരഞ്ഞെടുക്കപ്പെടാമെങ്കിലും, പ്രായോഗികമായി, കർദ്ദിനാൾമാരിൽ ഒരാളാകും മാർപാപ്പയായി വരിക.

ഒരാൾ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടാൽ എന്തൊക്കെയാണ് ആദ്യ നടപടിക്രമങ്ങൾ എന്നു നോക്കാം. തെരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടുപിന്നാലെ ഏഴ് കാര്യങ്ങളാണ് പുതിയ പോപ്പ് സ്വീകരിക്കുന്നത്. സ്ഥാനീയ ചിഹ്നങ്ങൾ ഉൾപ്പെടെ പുതിയ പോപ്പ് സ്വീകരിക്കുന്ന ഏഴ് കാര്യങ്ങൾ കത്തോലിക്കാ സഭയുടെ ചരിത്രത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നു. പുതിയ പോപ്പിനെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ആദ്യം സ്വീകരിക്കുന്നത് പേരാണ്. ആദ്യം സ്വീകരിക്കുന്ന സ്ഥാനീയ ചിഹ്നം വെള്ള കാസക് ആണ്. പോപ്പിന്റെ വെള്ള പുറം കുപ്പായമാണിത്. കോൺക്ലേവ് തുടങ്ങുമ്പോൾ തന്നെ മൂന്ന് സൈസുകളിലായി കാസക് തയാറാക്കും.

ലാളിത്യം, മരണം, ഉത്ഥാനം,പ്രത്യാശ എന്നിവയെ സൂചിപ്പിക്കുന്നു. സിസ്റ്റൈൻ ചാപ്പലിലെ കണ്ണീർ മുറിയിലാണ് പുതിയ പോപ്പ് കാസ്ക് സ്വീകരിക്കുക. പ്രധാനപ്പെട്ട മറ്റൊരു ചിഹ്നം ഫിഷർമെൻസ് റിങ്ങാണ്. സ്വർണത്തിൽ തീർത്ത ഈ മോതിരത്തിൽ വിശുദ്ധ പത്രോസ് വലയെറിയുന്ന ചിത്രവും പുതിയ പോപ്പിന്റെ പേരും ആലേഖനം ചെയ്തിരിക്കുന്നു. പത്രോസിന്റെ പിൻഗാമിയുടെ റോൾ വ്യക്തമാക്കുന്നതാണ് ഈ മുദ്രമോതിരം. ഔദ്യോഗിക സീലായും ഇത് ഉപയോഗിക്കുന്നു. അതുകൊണ്ടാണ് പോപ്പിന്റെ മരണശേഷം മോതിരും ഉടച്ചുകളയുന്നത്.

തെരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടുപിന്നാലെ പോപ്പ് സ്വീകരിക്കുന്ന മറ്റൊരു വസ്തു പാലിയം ആണ്. പോപ്പിന്റെ തോളിൽ ഷാളുപോലെ ഇതുകാണാം. ആറ് കുരിശുകളും ഇതിലുണ്ട്. പോപ്പിന് സഭയോടുള്ള ഉത്തരവാദിത്തവും പരമാധ്യക്ഷൻ എന്ന നിലയിലെ ത്യാഗത്തെയും ഇത് സൂചിപ്പിക്കുന്നു. കുരിശോടുകൂടിയ നീളമുള്ള വടിയാണ് മറ്റൊന്ന്. പുതിയ പോപ്പിനെ തിരഞ്ഞെടുത്തശേഷം വിശ്വാസികളെ ആദ്യം അഭിസംബോധന ചെയ്യുമ്പോൾ പേപ്പൽ ഫെരുലയുമായിട്ടാണ് പോപ്പ് പ്രത്യക്ഷപ്പെടുന്നത്.

തന്നെയല്ല, ക്രിസ്തുവിനെയാണ് പിന്തുടരേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ പവിത്രചിഹ്നം. ചുവന്ന പേപ്പൽ ഷൂവാണ് പൈതൃകത്തെ സൂചിപ്പിക്കുന്ന മറ്റൊരു ചിഹ്നം. ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഈ ചുവന്ന ഷു ഒഴിവാക്കിയിരുന്നു. അധികാരത്തെക്കാൾ സഭയിലെ രക്തസാക്ഷികളെ ഓർമപ്പെടുത്തുന്നു ഈ ചുവന്ന പേപ്പൽ ഷൂ. വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ പാത പിന്തുടരുന്നു എന്ന് ഇതിലൂടെ വ്യക്തമാക്കുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ചെയർ ഓഫ് ദ പീറ്റർ ആണ് പവിത്ര ചിഹ്നങ്ങളിൽ മറ്റൊന്ന്. സഭയുടെ സ്പിരിച്വൽ സീറ്റ്. സഭയുടെ ഐക്യത്തെയും സേവനത്തെയും ഇത് സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here