മലപ്പുറം: പ്രചാരണം തുടങ്ങും മുമ്പ് പിതാവ് ആര്യാടൻ മുഹമ്മദിന്റെ ഖബറിടത്തിലെത്തി പ്രാർത്ഥിച്ച് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിൽ എത്തിയ ഷൗക്കത്ത് പൊട്ടിക്കരഞ്ഞു. പിതാവാണ് തന്റെ ശക്തിയും ദൗർബല്യവുമെന്നായിരുന്നു പിന്നീട് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. പിതാവിന്റെയും വി വി പ്രകാശിന്റെയും അഭിലാഷങ്ങൾ പൂർത്തീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആര്യാടൻ ഷൗക്കത്തിനൊപ്പം ഉണ്ടായിരുന്നു. നിലമ്പൂരിലെ യുഡിഎഫ് ഒറ്റകെട്ടായി നിന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ഷൗക്കത്ത് പറഞ്ഞു. താൻ ആണെങ്കിലും വി എസ് ജോയ് ആണെങ്കിലും മത്സരിക്കാൻ യോഗ്യതയുള്ളവരാണ്. പക്ഷെ ഒരാൾക്കേ മത്സരിക്കാൻ കഴിയുകയുള്ളൂ. യോഗ്യതയുള്ളത് കൊണ്ടല്ല തന്നെ തിരഞ്ഞെടുത്തത്. പക്ഷെ ചില ഘടകങ്ങൾ കണ്ടുകൊണ്ടാണ് പാർട്ടിയുടെ തീരുമാനം ഉണ്ടാകുക. ആ തീരുമാനം ഏറ്റെടുക്കാൻ താൻ ബാധ്യസ്ഥനാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഇന്നു വൈകിട്ട് മൂന്നുമണിക്ക് യുഡിഎഫ് നേതൃയോഗവും നിലമ്പൂരിൽ ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.
ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കിയിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം കെപിസിസി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ അറിയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്. നേരത്തെ ആര്യാടൻ ഷൗക്കത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പി വി അൻവർ രംഗത്ത് വന്നിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് കെപിസിസി നേതൃത്വത്തിൻ്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പരസ്യ നിലപാടുമായി അൻവർ രംഗത്ത് വന്നതോടെയാണ് ഇന്ന് രാവിലെ ഉണ്ടാകുമെന്ന് കരുതിയിരുന്ന പ്രഖ്യാപനം നീണ്ടത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്‌യെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവർ തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നത്. അൻവറിൻ്റെ എതിർപ്പിന് പിന്നാലെ കെപിസിസി അധ്യക്ഷനും വി ഡി സതീശനും കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് അൻവറിന് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചത്.
അതേസമയം, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അൻവർ ഉയർത്തിയ ആരോപണങ്ങളോട് പ്രതികരിക്കാൻ ആര്യാടൻ ഷൗക്കത്ത് തയ്യാറായില്ല. നിലമ്പൂരിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ആര്യാടൻ ഷൗക്കത്ത് ശ്രമിച്ചു എന്നതടക്കം നിരവധി ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. എന്നാൽ, അൻവറിന്റെ ഓരോ പരാമർശങ്ങൾക്കും മറുപടി പറയാൻ നിർബന്ധിക്കരുതെന്ന് ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. അൻവറിന്റെ ചോദ്യങ്ങൾക്ക് തന്റെ പാർട്ടി മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”അൻവർ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ഉന്നയിച്ച വിഷയങ്ങൾ യുഡിഎഫ് ചർച്ച ചെയ്യും. അൻവറിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി എന്റെ പാർട്ടി പറയും. നൂറ് ശതമാനം കോൺഫിഡൻറാണ്. നിലമ്പൂർ യുഡിഎഫിൻറെ തട്ടകമാണ്. ഇവിടെ ഉണ്ടായ എല്ലാ വികസനവും എൻറെ പിതാവ് കൊണ്ടുവന്നതാണ്. കഴിഞ്ഞ രണ്ട് ടേമിലെ വികസന മുരടിപ്പും വന്യമൃഗ ആക്രമണവും എല്ലാം ജനങ്ങളുടെ മുന്നിലുണ്ട്. നൂറ് ശതമാനം കോൺഫിഡൻറായാണ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. രണ്ട് തവണ യുഡിഎഫിന് നഷ്ടപ്പെട്ട നിലമ്പൂർ തിരിച്ചു പിടിക്കണമെന്നാണ് കരുതുന്നത്. ഞങ്ങൾ എല്ലാ മുന്നൊരുക്കവും നടത്തി തെരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുകയാണ്. നിലമ്പൂരിൽ ജീവിക്കുന്ന എന്നെ കുറിച്ച് എന്റെ നാട്ടുകാർക്ക് അറിയാം.”- ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
പി വി അൻവർ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ജൂൺ 19ന് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.

