എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ സമീപം വൻ കഞ്ചാവ് വേട്ട. ഒഡിഷ സ്വദേശി ഉൾപ്പെടെ രണ്ടുപേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി.
ഒഡിഷ സ്വദേശിയായ ദുര്യാതന മാലിക് (30) എറണാകുളം സ്വദേശി സച്ചിൻ. കെ. ബിനു (24) എന്നിവരാണ് പൊലീസ് പിടിയിലായത് . കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS, എന്നിവരുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള DANSAF ടീമാണ് 5.150 കിലോ കഞ്ചാവുമായി പ്രതികളെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും പിടികൂടിയത്.
പിടിയിലായ സച്ചിൻ സിറ്റി കേന്ദ്രീകരിച്ച് യുവാക്കൾക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. സച്ചിൻ ഓർഡർ ചെയ്ത പ്രകാരം ദുര്യാതന മാലിക് ഒഡിഷയിൽ നിന്നും ട്രെയിൻ മാർഗം എത്തിച്ച കഞ്ചാവ് സച്ചിന് കൈമാറുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.

